ദോഹയിലെ അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു. ബോട്ടുകൾക്കിടയിൽ നിയമവിരുദ്ധമായി വൈദ്യുതി ലൈൻ ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം.

ദോഹ: അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ രണ്ട് പേരും ഏഷ്യൻ വംശജരായ പ്രവാസികളാണ്.

സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും രണ്ട് പ്രതികളും ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈൻ ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ബോട്ട് ഉടമകളുടെയും മുൻകൂർ അറിവോടെയാണ് സംഭവമുണ്ടായത്.

ഒക്ടോബർ 22 ബുധനാഴ്ചയാണ് അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമുകൾക്കും അധികൃതർക്കും തീ നിയന്ത്രണവിധേയമാക്കാനും പരിക്കുകളൊന്നും കൂടാതെ തീ പടരുന്നത് തടയാനും കഴിഞ്ഞു. സംഭവത്തിൽ നിരവധി ബോട്ടുകൾ കത്തി നശിക്കുകയും സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.