അജ്‍മാന്‍: 12 വയസുകാരനെ ഒന്‍പത് തവണ ബലാത്സംഗം ചെയ്ത ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31കാരനായ പ്രവാസിയായ പ്രതിയെ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അറബ് ബാലനെയാണ് പ്രതി നിരവധി തവണ ബലാത്സംഗം ചെയ്തത്.

അല്‍ജര്‍ഫിലെ ഒരു പള്ളിയിലാണ് പ്രതിയായ ഇമാം ജോലി ചെയ്തിരുന്നത്. രാത്രിയിലെ ഇശാ നമസ്കാരത്തിന് ശേഷം ബാലനെ ഇയാള്‍ പള്ളിക്ക് സമീപത്തുള്ള സ്വന്തം മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം കുട്ടി വൈകി വരാന്‍ തുടങ്ങിയതിനൊപ്പം കുട്ടിയില്‍ സ്വാഭാവ മാറ്റങ്ങള്‍കൂടി പ്രത്യക്ഷപ്പെട്ടുതുടങ്ങിയോടെയാണ് അമ്മയ്ക്ക് സംശയം തോന്നിയത്. അമ്മ കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ തന്നെ ഒന്‍പത് തവണ ഇമാം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പറഞ്ഞു.

കുട്ടിക്ക് ഓരോ തവണയും അഞ്ച് ദിര്‍ഹം സമ്മാനം നല്‍കിയായിരുന്നു പീഡനം. പണം ആവശ്യമുള്ളപ്പോഴൊക്കെ രാത്രി നമസ്കാരത്തിന് ശേഷം തന്റെ അടുത്ത് വരാന്‍ ഇമാനം കുട്ടിയോട് പറഞ്ഞിരുന്നുവെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. കുട്ടി പലതവണ പീഡനത്തിനിരയായെന്ന് ഫോറന്‍സിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടിലും വ്യക്തമായി. ഇതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.