അബുദാബി: ഓണ്‍ലൈനില്‍ അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ജയില്‍ ശിക്ഷയ്ക്ക് പുറമെ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നവര്‍ക്കും സമാനമായ ശിക്ഷ തന്നെ ലഭിക്കും.

ഇന്റര്‍നെറ്റോ വിവര സാങ്കേതിക വിദ്യയുടെ ഏതെങ്കിലും സംവിധാനമോ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്‍താല്‍ അത് യുഎഇയിലെ ഫെഡറല്‍ നിയമം 5/2020 ലെ ഇരുപതാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. ജയില്‍ ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. 2019ല്‍ 512 കേസുകളാണ്  സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്‍തതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‍തത്. 2018ല്‍ ഇത് 357 ഉം 2017ല്‍ 392ഉം ആയിരുന്നു.

ഓണ്‍ലൈന്‍ വഴി ശല്യം ചെയ്യല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തുകയോ ബ്ലാക് മെയില്‍ ചെയ്യുകയോ ചെയ്യല്‍, തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക, അപമാനകരമോ അസഭ്യമായ തരത്തിലുള്ളതോ ആയ കമന്റുകള്‍, വ്യാജ പരസ്യങ്ങള്‍, അഭ്യൂഹങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, മറ്റുള്ളവരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്.