ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇസ്ലാമാബാദിലെത്തി. നൂര്‍ ഖാന്‍ എയര്‍ബേസില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേരിട്ടെത്തിയിരുന്നു. അവിടെ നിന്ന് വസതിയിലേക്ക് കിരീടാവകാശിക്കൊപ്പം സ്വയം കാറോടിച്ച് പോകുന്ന വീഡിയോ ഇംറാന്‍ ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ നവംബറില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണം സ്വീകരിച്ച് ഇംറാന്‍ ഖാന്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അബുദാബി കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ വസതിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചത്. കിരീടാവകാശിക്കൊപ്പം പ്രധാനമന്ത്രി കാറോടിക്കുന്ന ചിത്രം സഹിതം യുഎഇയിലെ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. സന്ദര്‍ശനത്തിന് മുന്നോടിയായി പാകിസ്ഥാനും യുഎഇയും വികസന കാര്യങ്ങളില്‍ പങ്കാളികളാണെന്ന് പ്രഖ്യാപിക്കുന്ന യുഎഇ നേതാക്കളുടെ ചിത്രം സഹിതമുള്ള ബോര്‍ഡുകള്‍  കൊണ്ട് അധികൃതര്‍ രാജ്യതലസ്ഥാനം മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണിപ്പോള്‍.