ദുബായ്: വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒമ്പത് വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ഈ വിമാന സര്‍വ്വീസുകളെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഇന്ന്(ജൂലൈ 3) നാലു മണി മുതല്‍ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിക്കുമെന്നും വില്‍പ്പന തുടങ്ങുമ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വിറ്ററില്‍ കുറിച്ചു. ജൂലൈ ഒമ്പത് മുതല്‍ 14 വരെ മധുര, കോയമ്പത്തൂര്‍, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 

നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പത്താം തീയതി രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536, പതിനൊന്നാം തീയതി രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള IX 1412, പതിനാലാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536 എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇതിന് പുറമെ മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ വില്‍പനയും ഇന്ന് ആരംഭിക്കും.എയര്‍ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസുകള്‍ വഴിയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.in വഴിയോ അല്ലെങ്കില്‍ യുഎഇയിലെ അംഗീകൃത ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങിന് പാസ്‍പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാണ്.