മസ്‍കത്ത്: ഭാരത സർക്കാർ  നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ഗാന്ധി സമാധാന സമ്മാനം, അന്തരിച്ച ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ  ഖാബൂസിന്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് 2019ലെ പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും ഫലകവുമാണ് സമ്മാനമായി നല്‍കുക.

അന്തരിച്ച സുൽത്താൻ ഖാബൂസ് ദാര്‍ശനികനായ നേതാവായിരുന്നുവെന്നും അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മിതത്വവും മധ്യസ്ഥതയും എന്ന ഇരട്ട നയം അദ്ദേഹത്തിന് ലോകമെമ്പാടും പ്രശംസയും ബഹുമാനവും നേടികൊടുത്തുവെന്നും സാംസ്കാരിക മന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ  പറയുന്നു. വിവിധ പ്രാദേശിക തർക്കങ്ങളിലും സംഘർഷങ്ങളിലും സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം  വഹിച്ച പങ്കിനെപ്പറ്റിയും  മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു .

സുൽത്താൻ ഖാബൂസിന്റെ  നേതൃത്വത്തിൽ ഇന്ത്യയും ഒമാനും പരസ്പര പ്രയോജനകരവും സമഗ്രവുമായ പങ്കാളിത്തം ഊര്‍ജിതമാക്കിയത്  പുതിയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സാംസ്കാരിക മന്ത്രാലയം സൂചിപ്പിച്ചു.  മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം 1995ൽ അദ്ദേഹത്തിന്റെ 125-ാം ജന്മശതാബ്ദിദിനത്തിലാണിത്  ഗാന്ധി സമാധാന പുരസ്കാരം  ആദ്യമായി സമ്മാനിച്ചത്.