ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആദ്യ സംയുക്ത പ്രതിരോധ സമിതി യോഗം ദില്ലിയിൽ നടന്നു. സൈനിക പരിശീലനം, സംയുക്ത അഭ്യാസങ്ങൾ, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ യോഗത്തിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ യോഗം.
ദില്ലി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ആദ്യ സംയുക്ത പ്രതിരോധ സമിതി യോഗം ദില്ലിയിൽ ചേർന്നു. സൈനിക പരിശീലനം, സംയുക്ത സൈനിക അഭ്യാസങ്ങൾ, മിലിട്ടറി മെഡിസിൻ, പ്രതിരോധ വ്യവസായം, ഗവേഷണ-വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ യോഗത്തിൽ ധാരണയായതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അമിതാഭ് പ്രസാദും, അഞ്ചംഗ കുവൈത്ത് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ ബ്രിഗേഡിയർ റായിദ് അൽ സക്രാനും യോഗത്തിന് സംയുക്തമായി അധ്യക്ഷത വഹിച്ചു. 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിനിടെ ഒപ്പുവെച്ച പ്രതിരോധ സഹകരണ ധാരണാപത്രത്തിലെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് യോഗമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ സായുധസേനയുടെ മൂന്ന് വിഭാഗങ്ങൾ, പ്രതിരോധ ഉൽപ്പാദന വിഭാഗം, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ, സായുധസേന മെഡിക്കൽ സർവീസസ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായും കുവൈത്ത് സംഘം ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ ഭാവി സഹകരണത്തിനുള്ള സാധ്യതകളായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.
സന്ദർശനത്തിന്‍റെ ഭാഗമായി ബ്രിഗേഡിയർ റായിദ് അൽ സക്രാൻ ദില്ലിയിലെ നാഷണൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം സമർപ്പിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. 1962ൽ നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം 2024ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തോടെ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയിരുന്നു. പുതിയ പ്രതിരോധ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.


