Asianet News MalayalamAsianet News Malayalam

ഇന്ത്യയും സൗദി അറേബ്യയും ഇനി തന്ത്രപ്രധാന പങ്കാളികളെന്ന് പ്രധാനമന്ത്രി

സൗദിയും ഇന്ത്യയും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിന് രൂപം കൊടുത്ത കൗൺസിലിന്റെ പ്രവർത്തനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ 'വിഷന്‍ 2030'മായി ഇന്ത്യ കൈകോർക്കും. എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് സമ്പൂർണ തലത്തിലുള്ള സഹകരണത്തിന് ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി

India, Saudi Arabia to Set up Strategic Partnership Council
Author
Riyadh Saudi Arabia, First Published Oct 30, 2019, 9:12 AM IST

റിയാദ്: ഉഭയകക്ഷി സൗഹൃദത്തിനപ്പുറം ഇന്ത്യയും സൗദി അറേബ്യയും ഇനി തന്ത്രപ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ ചൊവ്വാഴ്ച ആരംഭിച്ച ആഗോള നിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോദി. സൗദിയും ഇന്ത്യയും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിന് രൂപം കൊടുത്ത കൗൺസിലിന്റെ പ്രവർത്തനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. 
India, Saudi Arabia to Set up Strategic Partnership Council

സമിതി രൂപവത്കരിക്കാനെടുത്ത ശ്രമത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അനേകം വർഷങ്ങൾ പഴക്കമുള്ളതാണ്. പൗരാണിക കാലം മുതലുള്ള ഈ ബന്ധം നിലനില്‍ക്കുന്നത് ശക്തമായ അടിത്തറയിലാണ്. അതിൽ നിന്ന് പടുത്തുയർത്തപ്പെട്ടതാണ് നമ്മുടെ പുതിയ തന്ത്രപ്രധാന പങ്കാളിത്തവും. സൗദി അറേബ്യയുടെ ദേശീയ പരിവർത്തന പദ്ധതിയായ 'വിഷന്‍ 2030'മായി ഇന്ത്യ കൈകോർക്കും. എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് സമ്പൂർണ തലത്തിലുള്ള സഹകരണത്തിന് ഇന്ത്യ തയാറാണ്. വാണിജ്യ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സാഹചര്യത്തിന്റെ കാര്യത്തിൽ ലോകതലത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയിലെ മുൻനിര നഗരങ്ങളിൽ മാത്രമല്ല രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന പട്ടണങ്ങളിൽ പോലും സ്റ്റാർട്ടപ്പ് പദ്ധതികൾ നല്ലനിലയിൽ നടക്കുന്നു. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് പദ്ധതികൾ ആഗോള നിലവാരമുള്ളതാണ്. നിക്ഷേപക സൗഹൃദപരമായ ഈ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രയോജനത്തിലേക്ക് സൗദിയിലുള്ളവരുൾപ്പെടെ ആഗോളതലത്തിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. 2024 ഓടെ 100 ശതകോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യൻ റിഫൈനറി മേഖലയിലുണ്ടാകും. അതില്‍ അരാംകോ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു.
India, Saudi Arabia to Set up Strategic Partnership Council

സൗദി അറേബ്യയുടെ മുതൽ മുടക്കിൽ ഇന്ത്യയിൽ നിർമിക്കാനിരിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റിഫൈനറിയായിരിക്കും.
സാമ്പത്തിക മേഖലയിൽ പ്രയാസകരമായ ചില പരിഷ്കാര നടപടികള്‍ എടുത്തിരുന്നു. സമ്പദ്ഘടനക്ക് അത് വലിയ ഗുണം ചെയ്യാനുള്ളതാണ്. 20 ബില്യണ്‍ ഡോളറിന്റെ ചോര്‍ച്ച സമ്പദ് ഘടനയിലുണ്ടായി. എന്നാൽ ചില പരിഷ്കരണ നടപടികളിലൂടെ അതിന് പരിഹാരം കാണുകയാണ്.  റീട്ടെയില്‍ മേഖലയില്‍ ഉദാരവത്കരണം നടപ്പാക്കിയതും ഗുണം ചെയ്യും.  ഇന്ത്യയിലെ എല്ലാ മേഖലകളിലും ഏകീകൃത സംവിധാനം കൊണ്ടുവരും. രാജ്യത്തിന്റെ ഭൂമിശാസ്ത്രം മുതല്‍, ജല വിതരണം, വൈദ്യുതി അടക്കമുള്ളവയില്‍ ഇന്ത്യയുടെ വെല്ലുവിളി എജനങ്ങളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
India, Saudi Arabia to Set up Strategic Partnership Council

ഇന്ത്യക്കാരുടെ കഴിവ് ലോകം എന്നും അംഗീകരിച്ചു പോന്നിട്ടുണ്ട്. 'സ്കിൽ ഇന്ത്യ' പദ്ധതിയിലൂടെ അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളിൽ 40 ലക്ഷം പേർക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. ഇത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് വൈദഗ്ധ്യമുള്ള മാനവവിഭവ ശേഷി ഉറപ്പുനൽകും. അഞ്ച് ട്രില്യണ്‍ ഡോളര്‍ വ്യാപാരമാണ് ഇനി ഇന്ത്യയില്‍ വരാനിരിക്കുന്നത്. ആഗോള താപനം, പരിസ്ഥിതി മലിനീകരണം, ഊര്‍ജ ഉപഭോഗം എന്നിവ ലോകം നേരിടുന്ന ഭീഷണിയാണ്. കേവലം സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ മാത്രമായി ഈ സമ്മേളനത്തിന്റെ ലക്ഷ്യം ഒതുങ്ങരുതെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിൽ ഉദയം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ പ്രവണതകൾ മനസിലാക്കുന്നതിനും ആഗോള ക്ഷേമത്തിലേക്ക് വഴികൾ അന്വേഷിക്കുന്നതിനുമാകണം എന്നും മോദി കൂട്ടിച്ചേർത്തു. 
India, Saudi Arabia to Set up Strategic Partnership Council

തിങ്കളാഴ്ച രാത്രി 11.15ന് റിയാദിലെത്തിയ പ്രധാനമന്ത്രി സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വിവിധ വകുപ്പ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ 12 കരാറുകളും ഒപ്പുവെച്ചു. 24 മണിക്കൂറിനുള്ളിൽ തിരക്കിട്ട് ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10.15ഓടെ മോദി ദില്ലിയിലേക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios