സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍ പെരേര. ഷാര്‍ജയിലെ കേസില്‍ നിര്‍ണായകമായ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ഇനിയും വരാനിരിക്കുകയാണ്. 

ഷാര്‍ജ: ലഹരി വസ്‍തു കൈവശം വെച്ചതിന്റെ പേരില്‍ ഷാര്‍ജ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. മൂന്ന് ആഴ്ചയിലധികമായി ഷാര്‍ജ ജയിലില്‍ കഴിയുകയായിരുന്ന നടിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മോചിതയായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ക്രിസന്‍, യുഎഇയിലുള്ള ബന്ധുക്കള്‍ക്കൊപ്പം താമസിക്കുമെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തത്കാലം നാട്ടിലേക്ക് മടങ്ങാന്‍ അനുമതിയില്ലെന്നും കേസ് കൈകാര്യം ചെയ്യുന്ന നിയമ സ്ഥാപനമായ അല്‍ രെദ ആന്റ് കമ്പനിയിലെ അഭിഭാഷകന്‍ മുഹമ്മദ് അല്‍ രെദ മുഹമ്മദ് അബ്‍ദുല്ല അല്‍ രെദ അറിയിച്ചു.

സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍ പെരേര. ഷാര്‍ജയിലെ കേസില്‍ നിര്‍ണായകമായ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ഇനിയും വരാനിരിക്കുകയാണ്. അതേസമയം ക്രിസന്‍ പെരേര നിരപരാധിയാണെന്നും ഇന്ത്യയില്‍ നിന്ന് അവരെ യുഎഇയിലേക്ക് അയച്ച രണ്ട് പേര്‍ ബോധപൂര്‍വം അവരെ കുടുക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു ഹോളിവുഡ് വെബ്‍സീരിസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്‍താണ് 27കാരിയായ ക്രിസന്‍ പെരേരയെ ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘം യുഎഇയിലേക്ക് അയച്ചത്. ഇതിനായുള്ള ടിക്കറ്റും മറ്റ് സംവിധാനങ്ങളും അവര്‍ തന്നെ ഒരുക്കി നല്‍കുകയും ചെയ്‍തു.

എന്നാല്‍ യാത്ര പുറപ്പെടും മുമ്പ് ക്രിസന് ഇവര്‍ നല്‍കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യുഎഇയില്‍ എത്തിയ ശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്ന് നടിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരി പദാര്‍ത്ഥം കണ്ടെത്തുകയും അവിടെ വെച്ച് തന്നെ അറസ്റ്റിലാവുകയും ചെയ്തു. ക്രിസനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരും എത്തിയിരുന്നതുമില്ല. പിടിയിലായി കഴിഞ്ഞപ്പോഴാണ് തന്നെ കേസില്‍ കുരുക്കാന്‍ ബോധപൂര്‍വം തയ്യാറാക്കിയ പദ്ധതിയാണിതെന്ന് നടിക്ക് മനസിലായത്. ഈ മാസം ആദ്യം അറസ്റ്റിലായ ക്രിസന്‍ പെരേരയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് ജാമ്യം ലഭിച്ചത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അവര്‍ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സഹോദരന്‍ കെവിന്‍ പെരേര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കോളില്‍ താരം കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്. അതേസമയം ക്രിസനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ രണ്ട് പേരെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുബൈ ബോറിവാളി സ്വദേശി ആന്റണി പോള്‍, മഹാരാഷ്‍ട്രയിലെ സിന്ധുദുര്‍ഗ് സ്വദേശി രാജേഷ് ബബോട്ടെ എന്നിവരാണ് അറസ്റ്റിലായത്. 

Read also: അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം; പൊലീസ് സംഘമെത്തിയപ്പോള്‍ പ്രവാസികള്‍ ബാൽക്കണിയിൽ നിന്ന് ചാടി