വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങള്‍ ദുബൈ എയര്‍ഷോയില്‍ അഭ്യാസ പ്രകടനം നടത്തും. 

ദുബൈ: 16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന യുഎഇയില്‍ വ്യോമാഭ്യാസത്തിനൊരുങ്ങുന്നു. നവംബര്‍ 14ന് ആരംഭിക്കാനാരിക്കുന്ന ദുബൈ എയര്‍ ഷോയിലാണ് ഇന്ത്യന്‍ വ്യോമസേനയും അണിനിരക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയുടെ പങ്കാളിത്തം. 

2005ല്‍ നടന്ന അല്‍ ഐന്‍ ഗ്രാന്റ്പ്രീയിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പ്രകടനം യുഎഇയില്‍ അരങ്ങേറിയത്. വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങളാണ് ഇത്തവണ ദുബൈ എയര്‍ഷോയിലെത്തുന്നത്. രണ്ട് ദിവസം മുമ്പ് യുഎഇയിലെത്തിയ സേനാംഗങ്ങള്‍ വ്യോമാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോഴെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നവയ്‍ക്കൊപ്പമാണ് ദുബൈ എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുക. ഇതിന് പുറമെ യുഎഇ എയര്‍ഷോയിലെ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് വിമാനവുമുണ്ടാകും. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്.

നവംബര്‍ 14 മുതല്‍ 18 വരെ ദുബൈയിലെ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയ എയര്‍ ഷോ വേദിയില്‍ 85,000ല്‍ അധികം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 148 രാജ്യങ്ങളില്‍ നിന്നുള്ള 1200 എക്സിബിറ്റര്‍മാര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 160 ഓളം വിമാനങ്ങളും പ്രദര്‍ശനത്തില്‍ അണിനിരക്കും. വിവിധ രംഗങ്ങളില്‍ നിന്നുള്ള 250 വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നും അധികൃതര്‍ അറിയിച്ചു.