പ്രവാസികളുടെ അനുഭവങ്ങള്‍ കേള്‍ക്കാനും കുവൈത്തിലെ പ്രവാസി ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാനുമാണ് ഇത്തരമൊരു സംഗമം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ അംബാഡസറെ സന്ദര്‍ശിക്കാന്‍ ക്ഷണം. ദീര്‍ഘകാലം കുവൈത്തില്‍ താമസിച്ച് ജോലി ചെയ്‍ത ശേഷം നാട്ടിലേക്ക് പോകുന്നവരെയാണ് അംബാസഡര്‍ സിബി ജോര്‍ജ് തന്നെ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

60 വയസോ അതിന് മുകളിലോ പ്രായമുള്ള, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കാണ് കുടുംബത്തോടൊപ്പം പ്രത്യേകമായി അംബാസഡറെ കാണാന്‍ അവസരം. പ്രവാസികളുടെ അനുഭവങ്ങള്‍ കേള്‍ക്കാനും കുവൈത്തിലെ പ്രവാസി ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേള്‍ക്കാനുമാണ് ഇത്തരമൊരു സംഗമം. എല്ലാത്തരം ജോലികള്‍ ചെയ്‍തിരുന്ന മുതിര്‍ന്ന പ്രവാസികള്‍ക്കും ക്ഷണമുണ്ട്. കുവൈത്തില്‍ നിന്ന് അവസാനമായി മടങ്ങുന്നതിന് മുമ്പ് അംബാസഡറെ കാണാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ വിവരങ്ങളും യാത്ര തിരിക്കുന്ന തീയ്യതിയും ഉള്‍പ്പെടെ socsec.kuwait@mea.gov.in എന്ന വിലാസത്തില്‍ പരമാവധി നേരത്തെ ഇ-മെയില്‍ അയക്കണം. ഇതനുസരിച്ച് എംബസിയില്‍ നിന്ന് അപ്പോയിന്റ്മെന്റ് ലഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona