Asianet News MalayalamAsianet News Malayalam

ചോരയൊലിക്കുന്ന കണ്ണുകളുമായി ഇന്ത്യക്കാരിയുടെ സഹായ അഭ്യര്‍ത്ഥന; ഭര്‍ത്താവിനെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖം നീരുവന്ന് വീര്‍ത്ത നിലയിലും കണ്ണില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലുമായിരുന്നു യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ യുഎഇ അധികൃതരെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെയും മന്ത്രിമാരെയും ടാഗ് ചെയ്തിരുന്നു. സംഭവത്തില്‍ ഉടന്‍ ഇടപെട്ട ഷാര്‍ജ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Indian Arrested In UAE After Video of his Wife went viral in social media
Author
Sharjah - United Arab Emirates, First Published Nov 14, 2019, 6:55 PM IST

ഷാര്‍ജ: ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഇന്ത്യക്കാരി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ ഇടപെടല്‍. വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബംഗളുരു സ്വദേശിയായ ജാസ്‍മിന്‍ സുല്‍ത്താന എന്ന 33കാരിയാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് ട്വിറ്ററിലൂടെ സഹായം തേടിയത്. താന്‍ ബംഗളുരു സ്വദേശിയാണെന്നും അഞ്ച് വയസും 17 മാസവും പ്രായമുള്ള രണ്ട് മക്കള്‍ക്കൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. അയാള്‍ക്കൊപ്പം ഇനി ജീവിക്കാനാവില്ല. തന്നെ മക്കള്‍ക്കൊപ്പം നാട്ടിലേക്ക് പോകാന്‍ സഹായിക്കണം-യുവതി വീഡിയോയില്‍ പറഞ്ഞു. മുഖം നീരുവന്ന് വീര്‍ത്ത നിലയിലും കണ്ണില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലുമായിരുന്നു യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ യുഎഇ അധികൃതരെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെയും മന്ത്രിമാരെയും ടാഗ് ചെയ്തിരുന്നു. സംഭവത്തില്‍ ഉടന്‍ ഇടപെട്ട ഷാര്‍ജ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി യുവതി, ഖലീജ് ടൈംസിനോട് പറഞ്ഞു. ഭര്‍ത്താവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലായതുകൊണ്ട് ആശ്വാസം തോന്നുന്നു. വിവാഹശേഷം ഇത്രയും നാള്‍ പീഡനം സഹിക്കുകയായിരുന്നു. ഇനിയും അത് തുടരാന്‍ ആവില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ക്രൂരമായി തന്നെ ഉപദ്രവിച്ചു. കണ്ണുകളില്‍ ഇടിക്കുകയും കൈ പിടിച്ച്തിരിക്കുകയും ചെയ്തു. നട്ടെല്ലിലും കഴുത്തിലും തലയിലും മര്‍ദിച്ചു. മരിച്ചുപോകുമെന്നുപോലും തോന്നി. ഇനിയും സഹിക്കാനാവാത്തതുകൊണ്ടാണ് ഇത് പരസ്യമാക്കിയതെന്നും അവര്‍ പറഞ്ഞു.

കേസില്‍ അധികൃതര്‍ ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തില്‍ ഭീതി ജനിപ്പിക്കുമെന്നതിനാല്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇനി ആരും ഷെയര്‍ ചെയ്യരുതെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. ജാസ്മിനുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഭര്‍ത്താവിനെ എംബസിയിലേക്ക് വിളിച്ചുവരുത്തും. ഷാര്‍ജ അധികൃതര്‍ ഇപ്പോള്‍ തന്നെ അയാളെ ചോദ്യം ചെയ്യുകയാണെന്നാണ് മനസിലാക്കുന്നത്. ജാസ്മിന് എല്ലാ സഹായവും നല്‍കും - കോണ്‍സുലേറ്റ് അറിയിച്ചു.

എച്ച്.ആര്‍ പ്രൊഫഷണലായ ജാസ്‍മിന്‍നും എച്ച്.ആര്‍ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന മുഹമ്മദ് ഖിസറുള്ളയും തമ്മിലുള്ള വിവാഹം  2013ലായിരുന്നു. ജാസ്മിന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും തന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഉപദ്രവിക്കുമായിരുന്നുവെന്നും താന്‍ എല്ലാം സഹിച്ച് സഹകരിച്ച് വരികയായിരുന്നുവെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. തന്റെ അച്ഛന്‍ നല്‍കിയ ആഭരണങ്ങളെല്ലാം ഭര്‍ത്താവ് പിടിച്ചുവാങ്ങി. പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ ജാസ്മിന്റെ വീട്ടുകാര്‍ പലതവണ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല.

ഞായറാഴ്ച രാത്രി കുട്ടികള്‍ക്ക് മുന്നില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദിച്ചു. കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. രക്ഷപെടാതിരിക്കാന്‍ വീടിന്റെ വാതിലുകള്‍ അടച്ചായിരുന്നു മര്‍ദനം. ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ തന്റെ പക്കല്‍ തന്നെയുണ്ടായിരുന്നു. മര്‍ദനത്തിന് ശേഷം അഞ്ച് വയസുള്ള മകന്‍ കരച്ചില്‍ നിര്‍ത്താതെ വന്നപ്പോഴാണ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്. അജ്മാനിലെ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഒന്നും പറയരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാതെ താന്‍ ഡോക്ടറോട് എല്ലാം പറഞ്ഞു.  ആശുപത്രി അധികൃതര്‍ ഷാര്‍ജ പൊലീസിനെ വിവരമറിയിച്ചു. മൊഴിയെടുക്കാന്‍ പിറ്റേദിവസം വരണമെന്നായിരുന്നു അറിയിച്ചത്.

പിന്നാലെ അയല്‍വാസിയുടെ വീട്ടിന് മുന്നിലെത്തിയപ്പോള്‍ ഛര്‍ദിച്ച് താന്‍ നിലത്തുവീണു. അവര്‍ ആംബുലന്‍സ് വിളിച്ച് അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാസമ്പന്നയായ തനിക്ക് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞാല്‍ കുട്ടികളെ സംരക്ഷിക്കാനാവും. പാസ്‍പോര്‍ട്ട് ഭര്‍ത്താവിന്റെ കൈയിലായതിനാലാണ് മടങ്ങാന്‍ സാധിക്കാത്തതെന്നും യുവതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios