ദുബായ്: യുഎഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മോര്‍ച്ചറികളില്‍ നിന്ന് മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്നും അധികൃതര്‍ അറിയിച്ചു. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും മരണപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.

മരണവിവരം ആദ്യം ലഭ്യമാകുന്നത് തൊഴിലുടമകള്‍ക്കും സ്‍പോണ്‍സര്‍മാര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരിക്കും. വിവരം യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ച് പ്രാദേശികമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് കൊവിഡ് മഹാമാരിയുടെ സമയത്ത് മോര്‍ച്ചറികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്‍ടിക്കുമെന്ന് കോണ്‍സുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ ഏറ്റെടുക്കുകയും അവയുടെ സംസ്‍കാരമോ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളോ എത്രയും വേഗം പൂര്‍ത്തിയാക്കുകയും വേണമെന്നാണ് നിര്‍ദേശം. തൊഴിലുടമകള്‍ക്കും സ്‍പോണ്‍സര്‍മാര്‍ക്കും തങ്ങളുടെ കീഴിലുള്ള ഇന്ത്യക്കാരുടെ മരണം +971-507347676 എന്ന നമ്പറിലോ deathregistration.dubai@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം. തുടര്‍നടപടികള്‍ക്കുള്ള ക്ലിയറന്‍സ് കോണ്‍സുലേറ്റില്‍ നിന്ന് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.