ദുബായ്: യുഎഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് അധികൃതരുമായി സഹകരിക്കണമെന്നും മരണവിവരങ്ങള്‍ യഥാസമയം അറിയിക്കണമെന്നും കോണ്‍സുലേറ്റ്  ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ഹെല്‍പ്‍ലൈന്‍ നമ്പറും ഇ-മെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്.

മരണപ്പെടുന്ന പ്രവാസികളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തൊഴിലുടമകളും സ്‍പോണ്‍സര്‍മാരും  ബന്ധുക്കളും കൊവിഡ് സാഹചര്യത്തില്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എത്രയും വേഗം ആരംഭിക്കുകയും അവ സംസ്കരിക്കുകയോ അതത് നാടുകളിലേക്ക് കൊണ്ടുപോവുകയോ ചെയ്യാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുകയും വേണമെന്ന് യുഎഇ അധികൃതര്‍ നിര്‍ദേശിച്ചതായി കോണ്‍സുലേറ്റ് വ്യക്തമാക്കി. ചുരുങ്ങിയ സമയപരിധിയ്ക്കുള്ളില്‍ ഇത് ചെയ്തില്ലെങ്കില്‍ യുഎഇ അധികൃതര്‍ക്ക് സ്വന്തം നിലയ്ക്ക് അവ സംസ്കരിക്കാന്‍ നിയമപ്രകാരം അവകാശമുണ്ട്.

പ്രവാസികള്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ ഉടനെ വിവരം ലഭിക്കുന്നത് തൊഴിലുടമകള്‍ക്കോ സ്‍പോണ്‍സര്‍മാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ ബന്ധുക്കള്‍ക്കോ ആയിരിക്കും. പലപ്പോഴും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ സ്പോണ്‍സര്‍മാരും തൊഴിലുടമകളും കാലതാമസം വരുത്തുന്നതായി കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മരണവിവരം കോണ്‍സുലേറ്റില്‍ യഥാസമയം അറിയിക്കുകയുമില്ല. കൊവിഡ് സാഹചര്യത്തില്‍ ഇത് മോര്‍ച്ചറികള്‍ക്കും അധികൃതര്‍ക്കും അധിക ബാധ്യതകളുണ്ടാക്കും. 

തങ്ങളുടെ കീഴിലുള്ള ഏതെങ്കിലും ഇന്ത്യക്കാരന്‍ മരിച്ചാല്‍ തൊഴിലുടമയോ സ്‍പോണ്‍സറോ അക്കാര്യം +971-507347676 എന്ന നമ്പറില്‍ ഉടനെ അറിയിക്കണം. ബന്ധുക്കളുടെ അനുമതി വാങ്ങി, മൃതദേഹം സംസ്കരിക്കാനോ അല്ലെങ്കില്‍ നാട്ടിലേക്ക് അയക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കണം. മരണം സംബന്ധിച്ച വിവരങ്ങള്‍ deathregistration.dubai@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങളും സുഹൃത്തുകളും എത്രയും വേഗം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കുള്ള അംഗീകാരം നല്‍കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ചുള്ള മരണങ്ങളില്‍ തുടര്‍നടപടികള്‍ യുഎഇ ഭരണകൂടത്തിന്റെ നിയമങ്ങള്‍ പ്രകാരം അവിടെ തന്നെ നടത്തേണ്ടതുള്ളതിനാല്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മൃതദേഹത്തോട് ആദരവ് പുലര്‍ത്തുന്നതിന്റെ കൂടി ഭാഗമായി ഇത് കണക്കാക്കണമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.