ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള അടുത്ത ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഈ ബന്ധം ഊർജ്ജസ്വലവും ശക്തവുമാക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും അംബാസഡര്‍ എടുത്തുപറഞ്ഞു.

റിയാദ്: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ സമൂഹം, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു.

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അംബാസഡർ ഖാൻ പുഷ്പാർച്ചന നടത്തി. 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടും നടത്തിയ സന്ദേശം അംബാസഡർ ഖാൻ വായിച്ചു. പിന്നീട്, തന്റെ മുഖ്യ പ്രഭാഷണത്തിൽ, അംബാസഡർ ഖാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള അടുത്ത ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഈ ബന്ധം ഊർജ്ജസ്വലവും ശക്തവുമാക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും എടുത്തുപറഞ്ഞു. പ്രസംഗത്തിന് ശേഷം, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ദേശഭക്തി ഗാനങ്ങളും ക്ലാസിക്കൽ നൃത്തങ്ങളും ചേർന്നതായിരുന്നു ഈ കലാപരിപാടികൾ.

 ഔദ്യോഗിക പരിപാടികൾക്ക് ശേഷം, അംബാസഡർ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു. കൂടാതെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും 'ഹർ ഘർ തിരംഗ' കാമ്പയിനിൽ പങ്കെടുത്തു. ഇത് അവരുടെ ദേശസ്നേഹവും ത്രിവർണ്ണ പതാകയിലുള്ള അഭിമാനവും വിളിച്ചോതുന്നു. ഇതിന് പുറമെ, 'ഹർ ഘർ സ്വച്ഛതാ' കാമ്പയിന്റെ ഭാഗമായി എംബസിയിൽ പ്രത്യേക ശുചീകരണ ഡ്രൈവും സംഘടിപ്പിച്ചു. ഇത് ഒരു ശുദ്ധവും മനോഹരവുമായ തൊഴിലിടം സൃഷ്ടിക്കുന്നതിനും സേവനമനോഭാവം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് നടത്തിയത്.