പണം അപഹരിക്കാന്‍ ക്രിമിനലുകള്‍ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ ഉപയോഗിക്കുന്നതായി മുന്നറിയിപ്പ് നല്‍കി മസ്കറ്റിലെ ഇന്ത്യന്‍ എംബസി.
മസ്കറ്റ്: പണം തട്ടിയെടുക്കാന്‍ ക്രിമിനലുകള്‍ ഇന്ത്യന്‍ എംബസിയുടെ ഫാക്സ് നമ്പര്‍ ഉപയോഗിക്കുന്നതായി മുന്നറിയിപ്പ്. മസ്കറ്റിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ചില ക്രിമിനലുകള്‍ ഇന്ത്യന്‍ എംബസിയുടെ ഫാക്സ് നമ്പരായ 24692791 ഉപയോഗിച്ച് ഇന്ത്യക്കാരെ വിളിക്കുന്നതായും പണം അപഹരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മസ്കറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസി ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ വഴി പണമാവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷകള്‍ നടത്താറില്ലെന്നും എംബസി വ്യക്തമാക്കി. ഇത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഒമാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കാര്‍ 24684500 എന്ന നമ്പരില്‍ വിളിച്ച് വിവരം അറിയിക്കണമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
