മസ്കറ്റ്: ഒമാനിൽ നിന്നും പതിനയ്യായിരം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. 83 പ്രത്യേക വിമാനങ്ങളിലായാണ് യാത്രക്കാർ മടങ്ങിയതെന്നും എംബസി വ്യക്തമാക്കി. വന്ദേഭാരത് ദൗത്യത്തിലെ മൂന്നാം ഘട്ടത്തിൽ അധിക സർവീസുകൾ ഏർപ്പെടുത്തിയതായും മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന് കീഴിലുള്ള 43 വിമാനങ്ങൾക്ക് പുറമെ 40 ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി 15033 പ്രവാസികൾ ആണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

വന്ദേ ഭാരതിന് കീഴിൽ നടന്ന 43 സർവീസുകളിൽ 25 സർവീസുകൾ കേരളത്തിലേക്കുള്ളതായിരുന്നു. ഒമാനിലെ കെ എം സി സി പ്രവർത്തകർ 18 ചാർട്ടേർഡ് വിമാനങ്ങളിൽ 3240 പ്രവാസികളെ കേരളത്തിലെത്തിച്ചു. ഐ.സി എഫ് ഇതിനകം നാല് വിമാനങ്ങളിലായി 720 പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങുവാൻ അവസരം ഒരുക്കിയിരുന്നു. കൊച്ചിയിലേക്ക് ഓ ഐ സി സി. പ്രവർത്തകർ ഒരുക്കിയിരുന്ന ചാർട്ടേർഡ് വിമാനത്തിൽ 180 പേർക്കും നാട്ടിലെത്താൻ സാധിച്ചു.

ഇതിനു പുറമെ മറ്റു സംസ്ഥാനങ്ങളിലെ സാമൂഹിക സംഘടനകളും സ്വകാര്യ കമ്പനികളും ചാർട്ടേർഡ് വിമാനങ്ങളിൽ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സർവീസുകൾക്ക് പുറമെ ദില്ലി, മുബൈ, ചെന്നൈ, മാഗ്ലൂലൂർ എന്നിവടങ്ങളിലേക്കു അധിക സർവീസുകൾ ഉള്‍പ്പെടുത്തികൊണ്ടു മസ്കറ്റ് ഇന്ത്യൻ എംബസ്സി ഇന്ന് വർത്തകുറിപ്പു പുറത്തിറക്കിയിട്ടുണ്ട്. മെയ് ഒൻപതിനാണ് വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ വിമാനം മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്