Asianet News MalayalamAsianet News Malayalam

ദമ്മാം സെൻട്രൽ ജയിലിലെ ഇന്ത്യക്കാരുടെ കണക്കുകള്‍ ശേഖരിച്ചു; അധികപേര്‍ക്കുമെതിരെയുള്ളത് മദ്യവുമായി ബന്ധപ്പെട്ട കേസുകള്‍

കഴിഞ്ഞമാസം മാത്രം സൗദിയിലെത്തുകയും മദ്യ ഉത്പാദനത്തിലും വിതരണത്തിലും പങ്കാളിയാവുകയും ചെയ്ത അമ്പതോളം മലയാളി ചെറുപ്പക്കാരാണ് പുതുതായി തടവറയിലെത്തിയത്. 

indian embassy team and social workers collected data of indians in dammam central prison
Author
Riyadh Saudi Arabia, First Published Jan 9, 2020, 2:44 PM IST

റിയാദ്: ദമ്മാം സെൻട്രൽ ജയിലിൽ മാത്രം 190 ഇന്ത്യൻ തടവുകാരുണ്ടെന്നും അതിൽ അമ്പതോളം പേർ മലയാളി യുവാക്കളാണെന്നും കണ്ടെത്തല്‍. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം, മയക്കുമരുന്ന്, ഹവാല, ബിനാമി കച്ചവടം, സാമ്പത്തിക കുറ്റകൃത്യം മദ്യക്കടത്ത് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണിവർ. 

ഓരോരുത്തരുടെയും കേസുകളുടെ കൃത്യമായ വിവരങ്ങളും വ്യക്തിവിവരങ്ങളും സംഘം ശേഖരിച്ചു. ഏറ്റവും കൂടുതൽ പേർ ശിക്ഷ അനുഭവിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഇതിൽ മഹാഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞമാസം മാത്രം സൗദിയിലെത്തുകയും മദ്യ ഉത്പാദനത്തിലും വിതരണത്തിലും പങ്കാളിയാവുകയും ചെയ്ത അമ്പതോളം മലയാളി ചെറുപ്പക്കാരാണ് പുതുതായി തടവറയിലെത്തിയത്. പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്കുവഴികൾ തേടിയാണ് പലരും മദ്യ ബിസിനസിലേക്ക് തിരിയുന്നത്. 

നേപ്പാളികളുമായി ചേർന്ന് മദ്യനിർമാണത്തിന് രഹസ്യ ഫാക്ടറി നടത്തി പിടിയിലായ മലയാളിയും കൂട്ടത്തിലുണ്ട്. ഒരു കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന തമിഴ്നാട് സ്വദേശി ജയിലില്‍ കഴിയുന്നത് മദ്യവുമായി നടന്നുവരികയായിരുന്ന സുഹൃത്തിനെ വാഹനത്തിൽ കയറ്റിയതിന്റെ പേരിലാണ്.  സമാനമായ സംഭവത്തിൽ രണ്ടു മലയാളികളും ശിക്ഷ അനുഭവിക്കുന്നുണ്ട്. ഓരോരുത്തരുടെയും കേസുകൾ പരിശോധിച്ച് ആവശ്യമായ നിയമസഹായങ്ങൾ എത്തിച്ച് മോചനത്തിന് സഹായിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്യുന്നതിനാണ് എംബസി സംഘം ജയിലുകൾ സന്ദർശിച്ചത്. 

ഉദ്യോഗസ്ഥരായ വസിയുല്ല ഖാൻ, രാജീവ് രഞ്ജൻ, ധർമജൻ, സുകുമാരൻ എന്നിവരും സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണിക്കുട്ടൻ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജയിൽ മേധാവി കേണൽ മുഹമ്മദ് അലി അൽഹാജിരിയുമായി സംഘം ചർച്ച നടത്തി.

Follow Us:
Download App:
  • android
  • ios