റിയാദ്: സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലില്‍ വാള്‍തലപ്പില്‍ നിന്ന് രക്ഷപ്പെട്ടു. ജുബൈലിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗോപിനാഥ് ബട്കോ ഗംഗാധര്‍ റാവുവാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവായി ജയില്‍ മോചിതനായത്.  

പ്രവാസി സാംസ്‌കാരിക വേദി സേവനവിഭാഗം കണ്‍വീനര്‍ സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുടെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. 10 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ ഗോപിനാഥ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. 2011 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഗോപിനാഥ് അവധിക്ക് നാട്ടില്‍ പോകാനിരുന്ന ദിവസമായിരുന്നു അയാളുടെ ജീവിതം തകര്‍ത്ത സംഭവം. ഗോപിനാഥ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉയര്‍ന്ന പദവിയിലായിരുന്ന ഹൈദരാബാദ് സ്വദേശി സുഹൈലാണ് കൊല്ലപ്പെട്ടത്. അന്നേദിവസം വൈകീട്ട് മദ്യപിച്ച് സുഹൈലിന്റെ വീട്ടിലെത്തിയ ഗോപിനാഥ് സാമ്പത്തിക ഇടപെടുകളെ ചൊല്ലി തര്‍ക്കിക്കുകയും ഒടുവില്‍ കൈയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പോക്കറ്റില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൈലിനെ നിരവധി തവണ കുത്തിയ ശേഷം ഗോപിനാഥ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 

താമസസ്ഥലത്തെത്തി കുളിച്ച് വസ്ത്രം മാറി ബാഗും പാസ്‌പോര്‍ട്ടും എടുത്ത് ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റ് കരസ്ഥമാക്കിയ ശേഷം സ്വകാര്യ ടാക്‌സിയില്‍ ദമ്മാം വിമാനത്താവളത്തിലേക്ക് പോയി. എന്നാല്‍ കൊലപാതകത്തെ കുറിച്ചറിഞ്ഞ പൊലീസ് വിമാനത്താവളത്തിലുള്‍പ്പടെ വിവരം കൈമാറിയിരുന്നു. ഇതറിയാതെ എമിഗ്രേഷനില്‍ എത്തിയ ഗോപിനാഥിനെ അവിടെ തടയുകയും രാത്രിയോടെ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി ജുബൈല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുകയുമായിരുന്നു. എട്ട് ദിവസത്തിന് ശേഷം ഗോപിനാഥിനെ അബുഹദ്രിയാ ജയിലിലേക്ക് മാറ്റി. മൂന്നുവര്‍ഷത്തിന് ശേഷം ജുബൈല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. 

മോചനദ്രവ്യം നല്‍കാം എന്ന് വാഗ്ദാനം ചെയ്‌തെങ്കിലും സുഹൈലിന്റെ കുടുംബം മാപ്പ് നല്‍കാന്‍ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് ഗോപിനാഥ് സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുമായി ബന്ധപ്പെടുകയും എംബസിയുടെ അനുവാദത്തോടെ അദ്ദേഹം ഇരുകൂട്ടര്‍ക്കും ഇടയില്‍ മധ്യസ്ഥനാവുകയുമായിരുന്നു. നിരവധി തവണ സൈഫുദ്ദീന്‍ പൊറ്റശ്ശേരി സുഹൈലിന്റെ ഭാര്യാപിതാവുമായും കുടുംബവുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമായത്. മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കുടുംബം തയ്യാറായതോടെ വധശിക്ഷ റദ്ദ് ചെയ്ത കോടതി ഗോപിനാഥിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയില്‍മോചിതനായ ഗോപിനാഥ് കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കൊച്ചി വഴി ഹൈദരാബാദില്‍ എത്തിയതായി സൈഫുദ്ദീന്‍ പൊറ്റശ്ശേരി അറിയിച്ചു.