സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്‍കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

മസ്‍കത്ത്: തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ പ്രവാസി യുവാവ് ഒമാനില്‍ (Oman) നിര്യാതനായി (Expat died) . ശിവന്‍ കോവിലില്‍ ധനിഷ് (27) ആണ് ഗൂബ്രയിലെ (Al Ghubra) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്‍കത്തിലെ അസൈബ ബ്രാഞ്ചില്‍ ജോലി ചെയ്‍തു വരികയായിരുന്നു. പിതാവ് - മണി. മാതാവ് - വസന്ത കുമാരി. ഐ.സി.എഫിന്റെയും ആക്സിഡന്റ്സ് ആന്റ് ഡിമൈസസ് ഒമാന്റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

ഒമാനില്‍ 1,224 പുതിയ കൊവിഡ് കേസുകള്‍ കൂടി, നാലു മരണം
മസ്‌കറ്റ്: ഒമാനില്‍ (Oman) 1,224പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 1,312 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,59,445 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,77,948 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 

95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,238 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 311 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. 

പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം (dead body) കണ്ടെത്തി. ഹവല്ലി (Hawally ) ഗവര്‍ണറേറ്റിലാണ് സംഭവം. യുവാവ് കാറിനുള്ളില്‍ ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടവര്‍ ആദ്യം വിചാരിച്ചത്. 

വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. 

പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച (Ran over a security officer) പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.