അബുദാബി: യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വിദേശത്ത് അവധിക്കാലം ചിലവഴിച്ച് തിരികെയെത്തിയ വ്യക്തിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 

രോഗിയുമായി അടുത്ത് ഇടപഴകിയവരെയെല്ലാം പരിശോധിച്ചെന്നും മാറ്റാര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചേര്‍ന്ന് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതടക്കം ശുചിത്വം ഉറപ്പാക്കാനുള്ള നടപടികള്‍ യുഎഇയിലെ പൗരന്മാരും പ്രവാസികളും സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങളുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വേണം. രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം കണക്കിലെടുക്കണം. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും തള്ളിക്കളയണമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം യുഎഇയില്‍ നേരത്തെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി സുഖം പ്രാപിച്ചു. രണ്ട് യുഎഇ പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് രോഗത്തെ അതിജീവിച്ചത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധ ഭേദമായവരുടെ എണ്ണം 23 ആയി. ആകെ 86 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.