അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 218-ാമത് നറുക്കെടുപ്പില്‍ 24 കോടി രൂപ സ്വന്തമാക്കി ഇന്ത്യക്കാരനായ ദീപാങ്കര്‍ റെഡ്ഡി. 11 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നെടുത്ത ടിക്കറ്റിനെ തേടിയാണ് സമ്മാനമെത്തിയത്. ദുബൈയില്‍ താമസിക്കുന്ന 37കാരനായ ദിപാങ്കര്‍ റെഡ്ഡിയെയാണ് കൊവിഡ് കാലത്ത് ഭാഗ്യം നേടിയത്. ജൂലൈ 14ന് എടുത്ത ടിക്കറ്റിനെ തേടിയെത്തിയത് 1.2കോടി ദിര്‍ഹം, ഏകദോശം 24 കോടി രൂപയിലേറെയാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബൈയില്‍ പ്രവാസിയാണ് ദിപാങ്കര്‍. യതീം ഐ സെന്ററില്‍ ഒപ്റ്റീഷ്യനായാണ് ജോലി ചെയ്യുന്നത്. 11 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നെടുത്ത ടിക്കറ്റിനെയാണ് ഭാഗ്യംതേടിയെത്തിയത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് ദീപാങ്കര്‍ പറഞ്ഞു.

അതേസമയം, ചരിത്രത്തിലാദ്യമായി രണ്ട് ഭാഗ്യവാന്‍മാര്‍ക്ക് വിജയം സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് സീരീസിന്‍റെ 219-ാമത് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് എട്ട് സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു.

ഈ മാസം മുഴുവനും അബുദാബി ബിഗ് ടിക്കറ്റ് ഫേസ്ബുക്ക് പേജിലൂടെ നിരവധി ഗെയിമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് 10 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന അടുത്ത നറുക്കെടുപ്പ്.

ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗരയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. ഇത്തവണത്തെ നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണകൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്.