Asianet News MalayalamAsianet News Malayalam

കഴിഞ്ഞ മൂന്നുവര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; ഇത്തവണ പ്രവാസി ഇന്ത്യക്കാരന് 40 കോടി

നിലവില്‍ ദുബൈയില്‍ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുന്ന രഞ്ജിത്ത് 2008 മുതല്‍ ദുബൈ ടാക്‌സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ 2020ല്‍ അദ്ദേഹത്തിന് ജോലി നഷ്ടമായി.

indian expat won AED 20 million in big ticket draw Series 229 he share prize money with  9 friends
Author
Abu Dhabi - United Arab Emirates, First Published Jul 4, 2021, 10:30 AM IST

അബുദാബി: ബിഗ് ടിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ 20 മില്യന്‍ ദിര്‍ഹം മൈറ്റി മില്യനയറെ തെരഞ്ഞെടുത്തു. അബുദാബി ബിഗ് ടിക്കറ്റിന്റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. 349886 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ രഞ്ജിത്ത് സോമരാജനാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്. ദുബൈയില്‍ താമസിക്കുന്ന രഞ്ജിത്തിനെ സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും പ്രത്യേക അതിഥി ക്രിസ് ഫേഡും ചേര്‍ന്നാണ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഫോണ്‍ വിളിച്ചത്.

നിലവില്‍ ദുബൈയില്‍ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുന്ന രഞ്ജിത്ത് 2008 മുതല്‍ ദുബൈ ടാക്‌സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ 2020ല്‍ അദ്ദേഹത്തിന് ജോലി നഷ്ടമായി. കഴിഞ്ഞ മാസമാണ് രഞ്ജിത്തിന് പുതിയ ജോലി ലഭിച്ചത്. തൊഴില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ജോലി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന രഞ്ജിത്ത്, അടുത്തിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് പര്‍ച്ചേസിങ് ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചത്. ഇത്തവണ ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പം രഞ്ജിത്ത് വാങ്ങിയ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. ഇത് രണ്ടാം തവണയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്നെടുത്ത ടിക്കറ്റ് ഗ്രാന്റ് പ്രൈസ് സ്വന്തമാക്കുന്നത്.

indian expat won AED 20 million in big ticket draw Series 229 he share prize money with  9 friends

 ഭാര്യയ്ക്കും മകനുമൊപ്പം രഞ്ജിത്ത് ഹട്ടയില്‍ നിന്ന്  മടങ്ങുമ്പോഴാണ് റിച്ചാര്‍ഡ് ബിഗ് ടിക്കറ്റ് വിജയിയെ പ്രഖ്യാപിച്ചത്. രഞ്ജിത്തിന്റെ ഭാര്യ കാറില്‍ ലൈവ് നറുക്കെടുപ്പ് കണക്ട് ചെയ്തിരുന്നു. വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ക്ക് സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പില്‍ രഞ്ജിത്ത് കാര്‍ നിര്‍ത്തി. കുടുംബത്തിനൊപ്പം സന്തോഷം പങ്കിടുന്നതിനിടെയാണ് റിച്ചാര്‍ഡ് വിളിച്ച് ഗ്രാന്റ് പ്രൈസ് ലഭിച്ച വിവരം അറിയിച്ചത്. 

ഒരു ദിവസം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നതായും അത് ഇന്ന് സംഭവിച്ചെന്നും രഞ്ജിത്ത് പറഞ്ഞു. 'ഒരിക്കലും പിന്‍വാങ്ങരുത്, വിജയിക്കുമെന്ന് വിശ്വസിക്കുക. പങ്കുവെക്കലാണ് കരുതല്‍, അത് ഭാഗ്യം കൊണ്ടുവരും. എന്റെ ജീവിതം മാറ്റിമറിച്ചതിന് ബിഗ് ടിക്കറ്റിന് നന്ദി'- രഞ്ജിത്ത് പറഞ്ഞു. 

ഉപഭോക്താക്കള്‍ക്ക് എപ്പോഴും സര്‍പ്രൈസുകള്‍ നല്‍കുന്ന ബിഗ് ടിക്കറ്റ് ഇത്തവണ മൂന്നുപേരൊയണ് കോടീശ്വരന്മാരാക്കിയത്. നാല് ഫേസ്ബുക്ക് ഗെയിം വിജയികളെയും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ കാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ റിച്ചാര്‍ഡിനും ബുഷ്രയ്ക്കുമൊപ്പം വെര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡും പ്രത്യേക അതിഥിയായെത്തിയിരുന്നു. ദ വോള്‍ട്ട് ആന്‍ഡ് ബീറ്റ് ദ ബസര്‍ ഗെയിമിലൂടെ ഫേസ്ബുക്ക് ഗെയിം വിജയികള്‍ക്കും ക്യാഷ് പ്രൈസുകള്‍ ലഭിച്ചു. 

രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹം  (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് 355820 എന്ന ടിക്കറ്റ് നമ്പരിനുടമയായ റെന്‍സ് മാത്യു ആണ്. ഇന്ത്യക്കാരനാണ് റെന്‍സ്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് ഇന്തോനേഷ്യന്‍ സ്വദേശിയായ ജെസ്മിന്‍ ഖോല്‍ബി സെയ്ന്‍ ആണ്. 006368 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ശാന്ത്കുമാര്‍ റായിയാണ്. ഇദ്ദേഹം വാങ്ങിയ 106548 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ വാഴപ്പിള്ളി രാജന്‍ മേനോനാണ്. അദ്ദേഹം വാങ്ങിയ 000122 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മരിയ സെലിസിയ കിങ് ആണ്. 180461 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 014900 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള സീനി ഷഹീക് ആണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ 420i കാര്‍ സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios