കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഉപയോഗിച്ച് മദ്യ വിതരണം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഖൈത്താനിലായിരുന്നു സംഭവം. 

സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന ഫര്‍വാനിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഓടിച്ചിരുന്ന പ്രതിയെ കൈയോടെ പിടികൂടിയത്. ബസ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. 

ബസില്‍ പരിശോധന നടത്തിയപ്പോള്‍ നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തി. ജോലി സമയത്ത് താന്‍ മദ്യം വിറ്റിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.