റിയാദ്: തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കനലുകൾ കൂട്ടിയിട്ട് തീ കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യാക്കാരൻ പുക ശ്വസിച്ച് മരിച്ചു. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ ജലാലുദ്ദീൻ സിദ്ദീഖി (58) ആണ് മരിച്ചത്. 

കൃഷിതോട്ടത്തിലായിരുന്നു ഇയാൾക്ക് ജോലി. താമസവും കൃഷിയിടത്തോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു. കടുത്ത ശൈത്യം അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം. തണുപ്പിനെ പ്രതിരോധിക്കാൻ മുറിക്കുള്ളിൽ തന്നെ ഇറച്ചി ചുടുന്ന അടുപ്പ് വെച്ച് അതിനുള്ളിൽ കനലുകളിട്ട് കത്തിക്കുകയായിരുന്നു. പതിയെ എരിഞ്ഞുകൊണ്ടിരുന്ന കനലിൽ നിന്ന് വമിച്ച പുക മുറിക്കുള്ളിൽ നിറയുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു. ബുറൈദ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാത്രി റിയാദിലെത്തിച്ച് വ്യാഴാഴ്ച രാവിലെ ലക്നോയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ സലാം പറാട്ടിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.