നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാനൊരുങ്ങിയത്. കമ്പനിയിൽ അറിയിച്ച് അവധിയെടുത്ത ശേഷം ഞായറാഴ്‍ച നാട്ടിൽ പോകാനായി പി.സി.ആർ പരിശോധന നടത്തുകയും വിമാന ടിക്കറ്റെടുക്കുകയും ചെയ്‍തു.

റിയാദ്​: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്ന ഹൈദരബാദ്, ഗുണ്ട്പാലി സ്വദേശി ജലീൽ മുഹമ്മദ് (36) ആണ് റിയാദിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്​. താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വാഹനാപകടത്തില്‍ മരണപ്പെട്ട വിവരം സുഹൃത്തുക്കള്‍ അറിഞ്ഞത്.

റിയാദിലെ അൽഫനാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജലീല്‍ മുഹമ്മദ്. നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാനൊരുങ്ങിയത്. കമ്പനിയിൽ അറിയിച്ച് അവധിയെടുത്ത ശേഷം ഞായറാഴ്‍ച നാട്ടിൽ പോകാനായി പി.സി.ആർ പരിശോധന നടത്തുകയും വിമാന ടിക്കറ്റെടുക്കുകയും ചെയ്‍തു. ഇതിന് ശേഷം ബത്‍ഹയിൽ നിന്ന്​ അൽഖർജിലേക്ക് പോകുന്നതിനിടെ അൽഖർജ് റോഡിൽ ന്യൂസനാഇയ്യക്ക് സമീപമാണ് വ്യാഴാഴ്‍ച രാത്രി വാഹനാപകടമുണ്ടായത്​. 

താമസിച്ചിരുന്ന മുറിയിലേക്ക് വരികയാണെന്ന് ഒപ്പം താമസിച്ചിരുന്നവരെ ഫോണില്‍ വിളിച്ചറിയിച്ചെങ്കിലും പിറ്റേ ദിവസമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. കമ്പനി പ്രതിനിധി ഹാരിസ് കുറുവ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിനെ അറിയിക്കുകയും ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം റിയാദ്​ ശുമൈസി ആശുപത്രിയിൽ കണ്ടെത്തുകയുമായിരുന്നു. പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫർസാന.