യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട് മാത്രം. യുഎഇയിലെ ചില താമസക്കാർക്ക് ഇതിനോടകം പുതിയ ആർ.എഫ്.ഐ.ഡി ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ വിതരണം ചെയ്തു കഴിഞ്ഞു.
ദുബൈ: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ. ദുബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സി.ജി.ഐ) അധികൃതരാണ് ഈ സുപ്രധാന മാറ്റം സ്ഥിരീകരിച്ചത്. ഒക്ടോബർ 28-നാണ് ഇന്ത്യൻ സർക്കാർ ഇ-പാസ്‌പോർട്ട് സംവിധാനം ആഗോളതലത്തിൽ നടപ്പിലാക്കി തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി യുഎഇയിലെ ചില താമസക്കാർക്ക് ഇതിനോടകം പുതിയ ആർ.എഫ്.ഐ.ഡി ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ വിതരണം ചെയ്തു കഴിഞ്ഞു.
ഇ-പാസ്പോർട്ട്
ഇ-പാസ്‌പോർട്ടിൽ പാസ്‌പോർട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വിവരങ്ങൾ അടങ്ങിയ ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾച്ചേർക്കും. ഇത് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സഹായിക്കും.
ഈ ചിപ്പിൽ പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കും.
'ആരെങ്കിലും പാസ്‌പോർട്ട് കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ, പാസ്‌പോർട്ടിലെ ഫിസിക്കൽ വിവരങ്ങൾ ചിപ്പിലെ ഡിജിറ്റൽ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ അത് എളുപ്പത്തിൽ കണ്ടെത്താനാകും. ഇത് സുരക്ഷാ നിലവാരം ഉയർത്തും.'- യുഎഇയിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് എ. അമർനാഥ് പറഞ്ഞു. പുതിയ സംവിധാനം അനുസരിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP 2.0) എന്ന വെബ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
പുതിയ പോർട്ടലിൽ അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ രണ്ട് മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പഴയ പാസ്‌പോർട്ട് നമ്പർ നൽകി, വെരിഫിക്കേഷൻ പൂർത്തിയാക്കി, അപേക്ഷ സമർപ്പിക്കുക, അതോടെ നടപടി പൂർത്തിയാകുമെന്നും എ. അമർനാഥ് വിശദീകരിച്ചു.
പുതിയ ഓൺലൈൻ പോർട്ടൽ ലിങ്ക്: https://mportal.passportindia.gov.in/gpsp/AuthNavigation/Login അപേക്ഷകർക്ക് അവരുടെ രേഖകൾ ജി.പി.എസ്.പി 2.0 പ്ലാറ്റ്‌ഫോം വഴി അപ്‌ലോഡ് ചെയ്യാം. ഇത് ബി.എൽ.എസ്. കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും. പാസ്‌പോർട്ട് പുതുക്കുന്നതിനായി ഇതിനകം അപ്പോയിന്റ്‌മെൻ്റ് എടുത്തവർക്ക് ഒരു ഇളവ് നൽകുമെന്ന് കോൺസൽ ജനറൽ സതീഷ് ശിവൻ അറിയിച്ചു. നിലവിലെ അപേക്ഷയിൽ തുടരുന്നവർക്ക് പഴയ പേപ്പർ പാസ്‌പോർട്ട് ലഭിക്കും. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ പുതുക്കി പൂരിപ്പിക്കുന്നവർക്ക് ഇ-പാസ്‌പോർട്ട് ലഭിക്കും.
ഫോട്ടോ സംബന്ധിച്ച നിർദ്ദേശങ്ങൾ
പുതിയ പാസ്‌പോർട്ടുകൾക്ക് ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ ആവശ്യമാണ്. നിർദ്ദേശങ്ങൾ പാലിക്കാത്ത ഫോട്ടോകൾ അപേക്ഷാ നടപടികളെ തടസ്സപ്പെടുത്തിയേക്കാം. കാരണം ഫോട്ടോയിൽ നിന്നാണ് ബയോമെട്രിക് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. വിദേശത്ത് വെച്ച് പാസ്‌പോർട്ട് അപേക്ഷകൾക്കായി നിലവിൽ വിരലടയാളങ്ങളോ ഫിസിക്കൽ ബയോമെട്രിക്സുകളോ ശേഖരിക്കാൻ പദ്ധതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ട് വിതരണം ചെയ്യുന്നതിനുള്ള സമയപരിധിയിലോ സേവന നിരക്കുകളിലോ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.


