ദുബൈ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  യുഎഇ-യിൽ കുടുങ്ങിക്കിടക്കുന്ന  ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരുടെ നെറ്റ്വർക്ക് -ഐപിഎ  സുപ്രീം കോടതിയിൽ  റിട്ട് ഹർജി ഫയൽ ചെയ്തു. കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് ഇന്ത്യൻ സർക്കാർ യാത്ര വിലക്ക് ഏർപ്പെടുത്തിയതിനാൽ നിരവധി  ഇന്ത്യക്കാരായ സന്ദർശക വിസക്കാരും രോഗികളും മാതൃരാജ്യത്തെക്ക് തിരിക്കാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്.  

സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ആരോഗ്യ- പരിരക്ഷക്കുമുള്ള ഭരണഘടന  സ്വാതന്ത്രൃം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.  ഇത്തരത്തിൽ  ഇന്ത്യക്കാർക്ക്  സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള  മൗലീകാവകാശം ഹനിക്കപ്പെട്ടുവെന്ന് കാണിച്ചാണ്  ഐപിഎ- റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ചെയർമാൻ ഷംസുദ്ധീൻ  നെല്ലറയാണ് ഐപിഎ യുടെ  പേരിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് 

ഇന്ത്യൻ പ്രവാസികൾ  അനുഭവിക്കുന്ന  പ്രയാസങ്ങൾക്ക്  ഉടനടി പരിഹാരം കാണണമെന്നും ആവശ്യമായ നടപടിക്രമങ്ങളും യാത്ര സൗകര്യങ്ങളും ഏറ്റവും  വേഗത്തിൽ തന്നെ  ഇന്ത്യൻ സർക്കാർ   ഒരുക്കണമെന്നും  ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പിവി  ദിനേശ് മുഖന്തരമാണ് ഹർജി ഫയൽ ചെയ്തിക്കുന്നത്.  വിദേശകാര്യ വകുപ്പ്, ഇന്ത്യൻ വ്യോമയാന വകുപ്പ് എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി.

ഇന്ത്യക്കാരായവരെ നാട്ടിലേക്ക് എത്തിക്കാൻ  യുഎഇ വിമാന കമ്പനികൾ, പല തവണ  സന്നദ്ധ അറിയിച്ചിട്ടും  കേന്ദ്ര സർക്കാർ അതിന് അനുമതി നൽകിയില്ല. മറ്റു രാജ്യങ്ങൾ അവരുടെ പൗരമാരെ  മാതൃരാജ്യത്ത്  തിരിച്ചെത്തിക്കാനുള്ള എല്ലാം സൗകര്യങ്ങളും ഒരുക്കുമ്പോഴും  ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു നടപടിയും  സ്വീകരിക്കുന്നില്ലെന്ന് ഐപിഎ ഹർജിയിൽ വാദിക്കുന്നു. ലേബർ ക്യാമ്പുകളിലടക്കം  പ്രയാസങ്ങൾ  അനുഭവിക്കുന്ന ഇന്ത്യക്കാരെ ഏറ്റവും വേഗത്തിൽ  തിരിച്ചെത്തിക്കാൻ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.