അടുത്തിടെ താന്‍ മതം മാറിയതിന്റെ പേരില്‍ തന്നെ കുടുക്കാനായി പൊതി തന്നയച്ചതാണെന്നും ഇയാള്‍ പറഞ്ഞു. നാട്ടിലുള്ള തന്റെ അമ്മയുടെ ഏക ആശ്രയം താനാണെന്നും വെറുതെ വിടണമെന്നും കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതും അംഗീകരിക്കപ്പെട്ടില്ല.

ദുബായ്: ബാഗില്‍ കഞ്ചാവ് പൊതിയുമായി ദുബായ് വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇയാള്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം തള്ളിയ കോടതി, ശിക്ഷ ശരിവെച്ചു. അടുത്ത ബന്ധുവായ ഒരാള്‍ നല്‍കിയ പൊതിയാണ് തന്നെ കുടുക്കിയതെന്നും താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

മാസങ്ങള്‍ക്ക് മുന്‍പാണ് 24 വയസുകാരനായ ഇന്ത്യന്‍ പൗരന്‍ സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്. ബാഗേജ് സ്കാന്‍ ചെയ്തപ്പോള്‍ നിരോധിത വസ്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി 6.7 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിചാരണ പൂര്‍ത്തിയാക്കി കോടതി ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതില്‍ ഇളവ് തേടിയാണ് അപ്പീല്‍ കോടതിയെ സമീപിച്ചതെങ്കിലും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

കഞ്ചാവ് കണ്ടെടുത്ത ബാഗ് തന്റേത് തന്നെയെന്ന് കോടതിയില്‍ യുവാവ് സമ്മതിച്ചെങ്കിലും പിടിച്ചെടുത്ത പൊതിയില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. തന്റെ ബന്ധുവായ ഒരാള്‍ ദുബായിലെ മറ്റൊരാള്‍ക്ക് കൊടുക്കാനെന്ന പേരില്‍ തന്നയച്ചതായിരുന്നു. അടുത്തിടെ താന്‍ മതം മാറിയതിന്റെ പേരില്‍ തന്നെ കുടുക്കാനായി പൊതി തന്നയച്ചതാണെന്നും ഇയാള്‍ പറഞ്ഞു. നാട്ടിലുള്ള തന്റെ അമ്മയുടെ ഏക ആശ്രയം താനാണെന്നും വെറുതെ വിടണമെന്നും കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതും അംഗീകരിക്കപ്പെട്ടില്ല.

വൈദ്യപരിശോധനയില്‍ ഇയാള്‍ ലഹരി പദാര്‍ത്ഥങ്ങളൊന്നും ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. ശിക്ഷാ വിധിക്കെതിരെ ഇനിയും ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാനാവും.