ഷാർജ: കൊവി‍ഡ് 19 വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് മൂലം അബുദാബിയിൽ എയർപോർട്ടിൽ കുടുങ്ങി ഇന്ത്യക്കാരനും ഭാര്യയും. റാണ മുഖർജിയും ഭാര്യ ഉക്രെയ്ൻ സ്വദേശിനിയായ തെത്യാന പൊലൂനിയയുമാണ് എയര്‍പോർട്ടിൽ കുടുങ്ങിയത്. യുഎഇ റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പൊലൂനിയയുടെ ഒസിഐ (Overseas Citizenship of India) അപേക്ഷയിൽ ഇതുവരെ തുടർ നടപടികളുണ്ടാകാത്തതിനാൽ ദമ്പതികൾ യുഎസിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ആറുമാസം ഗർഭിണിയായ പൊലൂനിയയെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിമാനത്തിൽ കയറാൻ അധികൃതർ അനുവദിച്ചില്ല. 

ഗർഭിണിയാണെന്ന വിവരം അറിയിക്കാത്തതിനാൽ തങ്ങളുടെ വിസ ഇമിഗ്രേഷൻ അധികൃതർ റദ്ദു ചെയ്തുവെന്നും റാണ മുഖർജി പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ പൗരന്മാർക്ക് ഉക്രെയ്നിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതുകൊണ്ട് തന്നെ റാണയ്ക്ക് അങ്ങോട്ട് പോകാനുമാകില്ല.

'ഇന്ത്യയിൽ പോകാനാകില്ല.. ഉക്രെയ്നില്‍ പോകാനാകില്ല.. യുഎസിൽ പോകാനാകില്ല.. വിസ കഴിഞ്ഞതിനാൽ യുഎഇയിലും തുടരാനാകില്ല.. ഇനി എന്ത് ചെയ്യണമെന്നറിയില്ല,' റാണ മുഖർജി പറയുന്നു. മാനുഷികമായ കാരണങ്ങൾ വച്ച് തങ്ങളുടെ കാര്യം പരിഗണിക്കണമെന്നാണ് തെത്യാന പറയുന്നത്.