മക്കയുടെ അതിർത്തി കവാടത്തിൽവെച്ചാണ് അറസ്റ്റ്
റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പ്രവാസികളെ സ്വന്തം വാഹനത്തിൽ മക്കയിലെത്തിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ്ജ് സുരക്ഷാസേന പിടികൂടി. ഇയാൾക്കൊപ്പം 22 പേരെയും അറസ്റ്റ് ചെയ്തു. വിവിധ നാട്ടുകാരായ പ്രവാസികളെ ഇയാൾ മിനിബസിൽ മക്കയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. മക്കയുടെ അതിർത്തി കവാടത്തിൽവെച്ചാണ് അറസ്റ്റ്. ആർക്കും ഹജ്ജ് ചെയ്യാനുള്ള പെർമിറ്റുണ്ടായിരുന്നില്ല.
പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്ന നിയമലംഘകർക്ക് തടവ്, ഒരു ലക്ഷം റിയാൽ പിഴ, നാടുകടത്തൽ, 10 വർഷം സൗദിയിലേക്ക് പ്രവേശന വിലക്ക് എന്നിവയാണ് ശിക്ഷ. യാത്രക്ക് ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. പെർമിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിച്ചാൽ ശിക്ഷ 20,000 റിയാലാണ്. അടുത്ത 10 വർഷത്തേക്ക് ഹജ്ജ്, ഉംറ വിലക്ക് നേരിടുകയും ചെയ്യും.


