Asianet News MalayalamAsianet News Malayalam

യുഎഇയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ പ്രവാസിയെ കാണാതായെന്ന് പരാതി

നവംബര്‍ എട്ടിന് എത്തിയ അദ്ദേഹം ഹോര്‍ അല്‍ അന്‍സിലെ ഒരു ലേബര്‍ അക്കൌമൊഡേഷനിലായിരുന്നു താമസിച്ചത്. പിറ്റേദിവസം രാവിലെ ജോലിക്ക് പോയതായി ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു.

Indian man goes missing a day after reaching Dubai
Author
Dubai - United Arab Emirates, First Published Nov 27, 2020, 11:32 PM IST

ദുബൈ: ദുബൈയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ ഇന്ത്യക്കാരനെ കാണാനില്ലെന്ന് പരാതി. തമിഴ്‍നാട് സ്വദേശി അമൃതലിംഗം സമയമുത്തുവിനെയാണ് (46) നവംബര്‍ ഒന്‍പത് മുതല്‍ കാണാതായതെന്ന് യുഎഇയിലുള്ള ബന്ധു അറിയിച്ചത്. നാല് കുട്ടികളുടെ അച്ഛനായ അദ്ദേഹം ജോലി തേടി സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയത്.

നവംബര്‍ എട്ടിന് എത്തിയ അദ്ദേഹം ഹോര്‍ അല്‍ അന്‍സിലെ ഒരു ലേബര്‍ അക്കൌമൊഡേഷനിലായിരുന്നു താമസിച്ചത്. പിറ്റേദിവസം രാവിലെ ജോലിക്ക് പോയതായി ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അന്ന് രാത്രിയും ജോലിക്ക് പോകാനൊരുങ്ങിയപ്പോള്‍ അമൃതലിംഗവും ഒപ്പം പോകാന്‍ തയ്യാറായെങ്കിലും മറ്റുള്ളവര്‍ വിലക്കി. ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല.

യുഎഇയിലെ സിം കാര്‍ഡ് ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ നാട്ടിലേക്കോ യുഎഇയിലെ മറ്റ് ബന്ധുക്കളെയോ വിളിച്ചിരുന്നില്ല.  വിവരമൊന്നും ലഭിക്കാതെയായപ്പോള്‍ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ യുഎഇയിലെ ബന്ധുക്കളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ജബല്‍ അലിയില്‍ ജോലി ചെയ്തിരുന്ന ഒരു ബന്ധു അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലെത്തി 16ന് പരാതി നല്‍കുകയും ചെയ്‍തു. പാസ്‍പോര്‍ട്ടോ മറ്റ് സാധനങ്ങളോ എടുക്കാതെയാണ് കാണാതായത്.

സഹായം തേടി ബന്ധുക്കള്‍ ദുബൈയിലെ കോണ്‍സുലേറ്റിനേയും സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ബന്ധുക്കളുമായും അധികൃതരുമായും ബന്ധപ്പെട്ടുവരികയാണെന്നുമാണ് കോണ്‍സുലേറ്റിന്റെ പ്രതികരണം. കാണാതാവുമ്പോള്‍ ഇളം നീല ഷര്‍ട്ടും കറുപ്പ് പാന്റ്‍സുമാണ് അമൃതലിംഗം ധരിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios