കുവൈത്തിലെ അൽ-അബ്ദാലിയിലെ ഒരു ഫാമിൽ ജോലിസ്ഥലത്തെ തർക്കത്തിനിടെ ഇന്ത്യൻ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ മറ്റൊരു ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിസ്ഥലത്തെ മുൻവൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ മറ്റൊരു ഇന്ത്യക്കാരനെ ജഹ്‌റ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അൽ-അബ്ദാലി മേഖലയിലെ ഒരു ഫാമിൽ വെച്ച് ശക്തമായ വഴക്ക് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇന്ത്യൻ യുവാവ് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മറ്റൊരു ഇന്ത്യക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി. കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടതായി വ്യക്തമായി.
തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ ഡിറ്റക്ടീവുകൾ അതേ പ്രദേശത്തുള്ള മറ്റൊരു ഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മുൻപുണ്ടായിരുന്ന ജോലിസംബന്ധമായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതിയുടെ കുറ്റസമ്മത മൊഴിയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കേസ് ഫയലിൽ ഉൾപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


