കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞപ്പോള്‍ ഖത്തര്‍ തൊഴിലുടമ ഒരു സന്ദര്‍ശന വിസയെടുത്ത് അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോയി. ഖത്തറിനോട് ചേര്‍ന്നുള്ള സൗദി അതിര്‍ത്തി പട്ടണമായ റഫഹയുടെ സമീപം ഉള്‍ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനാണ് ഏല്‍പിച്ച ജോലി. നിരവധി ഒട്ടകങ്ങളും കൊടിയ മരുഭൂമിയും അവിടെ മനുഷ്യജീവിയായി യൂനുസ് നബീജിയും.

റിയാദ്: വീണ്ടും ഒരു ആടുജീവിതം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍. ഖത്തറുകാരനായ(Qatar) സ്‌പോണ്‍സറുടെ വിസയില്‍ അവിടെയെത്തിയ യുവാവിനെ സൗദി(Saudi) മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ കൊണ്ട് ചെന്നാക്കുകയായിരുന്നു. രണ്ടര മാസത്തെ കൊടിയ ദുരിതത്തിന്റെ കൈയ്പ്നീര്‍ കുടിച്ച് ഇക്കഴിഞ്ഞ വേനലില്‍ ഉരുകിത്തീരുകയായിരുന്നു യുവാവ്. ഒടുവില്‍ ഇന്ത്യന്‍ എംബസിയും(Indian embassy) മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദി പൊലീസും രംഗത്തിറങ്ങി

മരുഭൂമിയില്‍ നിന്ന് യുവാവിനെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. സ്വന്തം നാട്ടുകാരന്‍ കൊടുത്ത വിസയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഖത്തറിലെത്തുന്നത്. കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞപ്പോള്‍ ഖത്തര്‍ തൊഴിലുടമ ഒരു സന്ദര്‍ശന വിസയെടുത്ത് അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോയി. ഖത്തറിനോട് ചേര്‍ന്നുള്ള സൗദി അതിര്‍ത്തി പട്ടണമായ റഫഹയുടെ സമീപം ഉള്‍ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനാണ് ഏല്‍പിച്ച ജോലി. നിരവധി ഒട്ടകങ്ങളും കൊടിയ മരുഭൂമിയും അവിടെ മനുഷ്യജീവിയായി യൂനുസ് നബീജിയും. തനിക്ക് ഒട്ടകത്തെ മേയ്ക്കുന്ന ജോലി അറിയില്ലെന്നും അതിനുള്ള ശാരീരിക ശേഷിയില്ലെന്നും കരഞ്ഞുപറഞ്ഞപ്പോള്‍ യുവാവിന് കിട്ടിയത് സ്‌പോണ്‍സറുടെ പൊതിരെ തല്ല്. പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു. ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിച്ചതുമില്ല. ദുരിതം തിന്ന് ജീവിക്കാനായിരുന്നു വിധി. ഇങ്ങനെ രണ്ടര മാസം പിന്നിട്ടു. അത് രണ്ട് യുഗത്തിന് തുല്യമായ നാരകീയതയാണ് യുവാവിന് സമ്മാനിച്ചത്. ജീവനൊടുക്കാനാണ് തോന്നിയതെന്ന് യുവാവ് പറയുന്നു.

മരുഭൂമിയില്‍ കുടുങ്ങിയ മകനെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടില്‍ നിന്ന് മാതാവ് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചതും ഒരു ബന്ധു വഴി റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാനായതും രക്ഷാമാര്‍ഗമായി. എംബസി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി. സിദ്ദീഖ് തുവ്വൂര്‍ തുടര്‍ന്ന് റഫഹ പട്ടണത്തിലെത്തി സൗദി പൊലീസിന്റെ സഹായം തേടി. പൊലീസും സിദ്ദീഖും മരുഭൂമിയിലൂടെ അന്വേഷിച്ച് യാത്ര ചെയ്ത് ഒടുവില്‍ കണ്ടെത്തി. പൊലീസ് സ്‌പോണ്‍സറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രണ്ടര മാസത്തെ ശമ്പളവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും അയാളില്‍ നിന്ന് വാങ്ങുകയും നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്തു. ഇന്നലെ (വ്യാഴാഴ്ച) സഹായിച്ചവരോടെല്ലം നന്ദി പറഞ്ഞ് യൂനുസ് നബീജി നാട്ടിലേക്ക് മടങ്ങി. രണ്ടര മാസത്തെ ദുരിത ജീവിതം ശരീരത്തിനും മനസിനും ഏല്‍പിച്ച രണ്ട് യുഗത്തോളം ആഴമുള്ള പരിക്കുകളുമായി.