Asianet News MalayalamAsianet News Malayalam

ലൈസന്‍സ് പുതുക്കിയില്ല, ഇന്‍ഷുറന്‍സില്ല, സീബ്രാ ലൈനിലെ അപകടത്തില്‍ ഒരാളുടെ മരണം; പ്രവാസി വ്യവസായി കുടുങ്ങി

ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയതിന് പുറമെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

Indian origin businessman jailed driving with expired licence and without insurance and causing accident afe
Author
First Published Oct 27, 2023, 10:09 AM IST

സിംഗപ്പൂര്‍: വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത സംഭവത്തില്‍ 70 വയസുകാരനായ ഇന്ത്യന്‍ വംശജന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ. ഭഗവാന്‍ തുളസിദാസ് ബിന്‍വാനി എന്നയാളിനാണ് 12 ആഴ്ച തടവും 3800 സിംഗപ്പൂര്‍ ഡോളര്‍ (1.82 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)  പിഴയും ശിക്ഷ വിധിച്ചത്. അടുത്ത എട്ട് വര്‍ഷത്തേക്ക് ഒരു തരത്തിലുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി വന്നത്.

നിര്‍മാണ തൊഴിലാളിയായ ഖാന്‍ സുരൂജ് (54) എന്ന സൈക്കിള്‍ യാത്രക്കാരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. റോഡിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഒരു പരിഗണനയും നല്‍കാതെ ഭഗവാന്‍ തുളസിദാസ് ബിന്‍വാനി വാഹനം ഓടിച്ചെന്ന് വിധിയില്‍ കുറ്റപ്പെടുത്തുന്നു. സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വിചാരണയ്ക്കിടെ ഈ കുറ്റങ്ങള്‍ ഭഗവാന്‍ തുളസിദാസ് ബിന്‍വാനി സമ്മതിച്ചു. 65 വയസായ ശേഷം 2018 ഓഗസ്റ്റ് 22ന് ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇത് പുതുക്കാതെയാണ് പിന്നീട് വാഹനം ഓടിച്ചിരുന്നത്. 

Read also: 'താനെന്നും പലസ്തീൻ ജനതക്കൊപ്പം, ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട'; പരാമർശത്തില്‍ വിശദീകരണവുമായി തരൂർ

ബിന്‍വാനിസ് എന്റര്‍പ്രൈസസ് എന്ന തുണി മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഉടമയായ ഭഗവാന്‍ തുളസിദാസ് ബിന്‍വാനി തന്റെ കമ്പനിയുടെ ഉടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ഓടിച്ചിരുന്നത്. വെസ്റ്റേണ്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു റോഡില്‍ വെച്ച് സീബ്രാ ലെയിന്‍ മുറിച്ച് കടക്കുകയായിരുന്ന സൈക്കിള്‍ യാത്രക്കാരനെയാണ് വാഹനം ഇടിച്ചിട്ടത്. സൈക്കിളില്‍ നിന്ന് അകലേത്ത് തെറിച്ചു വീണ യാത്രക്കാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതങ്ങള്‍ കാരണം തൊട്ടടുത്ത ദിവസം പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

ബോധപൂര്‍വം ഉണ്ടാക്കിയ അപകടമല്ല എന്ന വസ്തുത നിലനില്‍ക്കെ തന്നെ അപകടമുണ്ടാക്കിയ ആഘാതമാണ് കോടതി പരിഗണിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. സീബ്രാ ക്രോസിങില്‍ വേഗത കുറയ്ക്കാതിരുന്നതും ചുറ്റുപാടുകള്‍ പരിശോധിക്കാതിരുന്നതും അപകട കാരണമായെന്നും അതേസമയം മരണപ്പെട്ടയാളും പരിസരം വീക്ഷിക്കാതെ അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും വിധിയില്‍ പറയുന്നു. 

65-ാം വയസില്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്നും ലൈസന്‍സ് പുനഃസ്ഥാപിക്കണമെങ്കില്‍ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും കാണിച്ച് പത്ത് ആഴ്ച മുമ്പ് ട്രാഫിക് പൊലീസ് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ച് ലൈസന്‍സ് പുതുക്കിയില്ല. അതുകൊണ്ടുതന്നെ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് കടുത്ത പിഴ ചുമത്തണമെന്നും മൂന്ന് മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷ നല്‍കണമെന്നുമാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പവിത്ര രാംകുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios