തലക്കേറ്റ ക്ഷതമാണ് നില പട്ടേലിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ലണ്ടൻ: ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ തെരുവില്‍ വെച്ച് ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വംശജ മരിച്ചു. 56 വയസ്സുള്ള നില പട്ടേലാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ ലെസ്റ്ററിലെ ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന മൈക്കൽ ചുവുമെകയെ എന്ന 23കാരനായ പ്രതിക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായിരുന്നു. അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളിൽ പ്രതിയാണ് മൈക്കൽ. പ്രതിയെ ഓൺലൈൻ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്. ജൂൺ 24ന് ലെസ്റ്ററിലെ അയ് സ്റ്റോൺ റോഡിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വളരെ ദയാലുവും നല്ല സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നില പട്ടേലിന്‍റെ മക്കളായ ജയ്ദാനും ദാനികയും പറഞ്ഞു. ഞങ്ങളുടെ ഹൃദയം തകര്‍ന്നതായും ഞങ്ങളുടെ അമ്മ യഥാർഥത്തിൽ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായും മക്കള്‍ പറഞ്ഞു. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അമ്മ. എല്ലായ്പ്പോഴും മറ്റുള്ളവരെ തന്നെക്കാൾ അധികമായി പരിഗണിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.