റിയാദ്: സൗദിയില്‍ നടക്കുന്ന സാഹസിക വാഹനയോട്ട മത്സരമായ ഡകര്‍ റാലിയിലുണ്ടായ അപകടത്തില്‍ പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം ബംഗളുരു സ്വദേശി സി.എസ്. സന്തോഷിന് (37) പരിക്കേറ്റു. അബോധാവസ്ഥയില്‍ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദിന് സമീപം വാദി ദവാസിറില്‍ വെച്ചായിരുന്നു അപകടം.

ബുധനാഴ്ചയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്ക് പാറയിലിടിച്ചു വീഴുകയായിരുന്നു. ഹെലികോപ്ടറിലാണ് റിയാദിലെ ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. അപകടം നടന്നതിന് പിന്നാലെ പാരാമെഡിക്കല്‍ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു.