രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഈ അവസരം പ്രവാസികൾക്ക് നേട്ടമാകുകയാണ്.
അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടത് പ്രവാസികള്‍ക്ക് ഗുണകരമായിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് വരെയുള്ള എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിർഹത്തിന് 23.89 രൂപയാണ് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇത് 23.56 രൂപയായിരുന്നു. രാവിലെ വീണ്ടും ഉയർന്ന് 23.89 രൂപയിലെത്തുകയായിരുന്നു. യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻബിഡിയിൽ ഒരു ദിർഹത്തിന് 23.89 രൂപയാണ് കാണിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിനിമയ നിരക്കാണിത്.
രൂപയുമായുള്ള വിനിമയ നിരക്കില്‍ മറ്റ് ഗൾഫ് കറന്‍സികളും മുന്നേറി. ബുധനാഴ്ച രാവിലെ എക്സി റിപ്പോര്‍ട്ട് അനുസരിച്ച് 231.15 രൂപയാണ് ഒരു ബഹ്റൈന്‍ ദിനാറിന് രേഖപ്പെടുത്തിയത്. വൈകിട്ടോടെ ഇത് 233നും മുകളിലേക്ക് ഉയര്‍ന്നു. ബുധനാഴ്ച രാവിലെ എക്സി റിപ്പോർട്ട് പ്രകാരം 24ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ഖത്തർ റിയാലിന് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 23.7 ഇന്ത്യൻ രൂപയാണ് ഒരു ഖത്തർ റിയാലിന് രേഖപ്പെടുത്തിയതെങ്കിൽ ബുധനാഴ്ചയോടെ അത് 24.11 വരെ എത്തി.
ബുധനാഴ്ച ഒരു ഒമാനി റിയാലിന് 226.25 രൂപ എന്ന നിരക്കാണ് വിവിധ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 228 രൂപയിലധികമാണ് ബുധനാഴ്ച കാണിച്ചത്. വരും ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് ശമ്പളം കൂടി ലഭിച്ച് തുടങ്ങും. വിനിമയ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്.
