റിയാദ്: കൊറോണ വൈറസ് വ്യാപകമായി ദുരന്തം വിതച്ച ചൈനയിൽ നിന്നെത്തിയ രണ്ട് ഇന്ത്യൻ പെൺകുട്ടികൾ സൗദി അറേബ്യയിൽ നിരീക്ഷണത്തിൽ. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സൗദിയിലെത്തിയ സഹോദരിന്മാരാണ് ആരോഗ്യ നിരീക്ഷണത്തിലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുവരുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 

എങ്കിലും ലാബ് പരിശോധനക്കായി ഇരുവരുടെയും സാമ്പിളുകൾ എടുക്കുകയും സാധാരണ മുൻകരുതൽ നടപടികളുടെ ഭാഗമെന്ന നിലയിൽ നിരീക്ഷണത്തിന് വിധേയമാക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് സഹോദരിമാരും ജനുവരി 12നാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പോയത്. 21ദിവസത്തോളം അവിടെ താമസിച്ചു. ശേഷമാണ് സൗദി അറേബ്യയിലേക്ക് വന്നത്. ഇന്ത്യയിൽ താമസിച്ച 21 ദിവസമെന്ന കാലയളവ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവിനേക്കാൾ കൂടുതലാണെന്നതിനാൽ ആശങ്കപ്പെടാനൊന്നുമില്ല. എന്നാലും സ്വാഭാവിക നിരീക്ഷണം തുടരുന്നു എന്നുമാത്രമെന്നും വൃത്തങ്ങൾ പറഞ്ഞു. 

രണ്ടുപേരിലും വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല. ചൈനയിലായപ്പോൾ ഇരുവരും വുഹാൻ പട്ടണത്തിലായിരുന്നില്ല. ഫെബ്രുവരി മൂന്നിന് സൗദിയിലേക്ക് പ്രവേശിക്കും മുമ്പ് സാധാരണ വൈറസ് ബാധ പടരാൻ വേണ്ട ഇൻക്യുബേഷൻ പീര്യഡായ 15 ദിവസത്തേക്കാൾ കൂടുതൽ ചൈനയ്ക്ക് പുറത്ത് താമസിക്കുകയും ചെയ്തു. അതേസമയം ചൈനയിൽ താമസിച്ച് 15 ദിവസത്തിനുള്ളിൽ എത്തുന്നവരെ സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.