ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേട്ടം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ ആദ്യ നാല് സമ്മാനങ്ങളില്‍ മൂന്നും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ദുബായില്‍ താമസിക്കുന്ന ഭോപ്പാല്‍ സ്വദേശി ജഗദീഷ് രാംനാനിക്കാണ് ഒന്നാം സമ്മാനമായ പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്.

324-ാം സീരിസിലെ 1778-ാം നമ്പര്‍ ടിക്കറ്റായിരുന്നു ജഗദീഷിന് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു അദ്ദേഹം. ഓരോ നറുക്കെടുപ്പുകള്‍ക്ക് ശേഷവും നിരവധിപ്പേരുടെ വിജയ കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നെങ്കിലും താന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നറുക്കെടുപ്പ് 100 ശതമാനം സത്യസന്ധമാണെന്ന് തനിക്ക് ഇപ്പോള്‍ പറയാനാകും. ഈ നല്ല വാര്‍ത്തയ്ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറ‌ഞ്ഞു.

1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകള്‍ ആരംഭിച്ചത് മുതല്‍ വിജയിയാവുന്ന 158-ാമത്തെ ഇന്ത്യക്കാരനാണ് ദുബായില്‍ ബിസിനസ് ഉടമയായ ജഗദീഷ്. നറുക്കെടുപ്പുകളില്‍ മറ്റ് ആഢംബര വാഹനങ്ങള്‍ സമ്മാനമായി നേടിയ മൂന്ന് പേരിലും രണ്ട് പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്. അബുദാബിയില്‍ താമസിക്കുന്ന 53കാരനായ ശ്രീസുനില്‍ ശ്രീധരന്‍, ദുബായില്‍ താമസിക്കുന്ന 37കാരിയായ നസീറുന്നിസ ഫസല്‍ മുഹമ്മദ് എന്നിവരാണ് സമ്മാനം നേടിയ ഇന്ത്യക്കാര്‍.