വിമാനയാത്രക്കിടെ എയർപോർട്ടിൽ ഇന്ത്യൻ യുവതി പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ദോഹയിൽ പ്രസവിച്ചത്.
ദോഹ: ദോഹ വഴിയുള്ള വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ദോഹയിൽ പ്രസവിച്ചത്.
അമ്മയും കുഞ്ഞും സുരക്ഷിതമായി നാട്ടിലെത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇരുവരെയും ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാൻ സഹകരിച്ച കമ്മ്യൂണിറ്റി സംഘടനകളായ പുനർജനി ഖത്തറിനും ഗുജറാത്തി സമാജിനും എംബസി നന്ദി അറിയിച്ചു. അപൂർവവും നിർണായകവുമായ സാഹചര്യമായിരുന്നു ഇതെന്നും, ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ ഏകോപന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പുനർജനി ഖത്തർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമവും നാട്ടിലേക്കുള്ള സുരക്ഷിതമായ മടങ്ങിവരവും ഉറപ്പാക്കിയ അധികൃതരുടെ ശ്രമങ്ങളെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.


