ദുബായ്: ഇന്ത്യന്‍ യുവതി ദുബായ് വിമാനത്താവളത്തില്‍ പ്രസവിച്ചു. വിമാനത്താവളത്തിനുള്ളില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസുകാരിയാണ് ശുശ്രൂഷിച്ചത്. ഖലീജ് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് സമയോചിതമായി പ്രവര്‍ത്തിച്ച വിമാനത്താവളത്തിലെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ യുവതിയെ പരിചരിച്ചു. ഉദ്യോഗസ്ഥയായ ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് അടിയന്തര സാഹചര്യത്തെ യുക്തിപൂര്‍വ്വം കൈകാര്യ ചെയ്തത്.

നവജാതശിശുവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഹനാന്‍ സിപിആര്‍ നല്‍കി. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയും കുഞ്ഞും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.