Asianet News MalayalamAsianet News Malayalam

സൗദിയിൽ വൃക്കരോഗം ബാധിച്ച് അവശനിലയിലായിരുന്ന യുവതി സുമനസുകളുടെ കാരുണ്യത്താല്‍ നാട്ടിലേക്ക് മടങ്ങി

 ഇത്രയും കാലമായിട്ടും ഇഖാമ എടുത്ത് നൽകിയിരുന്നില്ല. ഇഖാമ എടുക്കാനും, അതിന്റെ പിഴ അടയ്ക്കാനും ഒരുപാട് പണച്ചെലവുണ്ടെന്നും, അത് സ്വന്തമായിട്ടുതന്നെ നല്കണമെന്നുമായിരുന്നു സ്‌പോൺസറുടെ നിലപാട്. 

indian women who was in distress returned home from saudi arabia
Author
Riyadh Saudi Arabia, First Published May 28, 2021, 9:33 PM IST

റിയാദ്: ഭാഷയുടെ അതിർവരമ്പുകൾ മറന്ന് മലയാളികളും സൗദി ഉദ്യോഗസ്ഥരും കൈകോർത്തപ്പോൾ, സൗദി അറേബ്യയിൽ രോഗബാധിതയായി ദുരിതത്തിലായിരുന്ന തമിഴ്‌നാട്ടുകാരി കസ്തൂരിയ്ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി. തമിഴ്‌നാട് പുതുകുപ്പം സ്വദേശിനിയായ കസ്തൂരി രാജേന്ദ്രൻ രണ്ടര വർഷം മുൻപാണ് സൗദിയിൽ റിയാദിലുള്ള ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ഒന്നരവർഷത്തോളം ജോലി ചെയ്തു കഴിഞ്ഞപ്പോൾ, വൃക്കകളെ രോഗം ബാധിച്ചതിനെത്തുടർന്ന്, അവർക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. 

നാട്ടിലേയ്ക്ക് തന്നെ തിരികെ അയയ്ക്കണമെന്ന് സ്‍പോൺസറോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇത്രയും കാലമായിട്ടും കസ്തൂരിയ്ക്ക് ഇഖാമ എടുത്ത് നൽകിയിരുന്നില്ല. ഇഖാമ എടുക്കാനും, അതിന്റെ പിഴ അടയ്ക്കാനും ഒരുപാട് പണച്ചെലവുണ്ടെന്നും, അത് കസ്തൂരി തന്നെ നല്കണമെന്നുമായിരുന്നു സ്‌പോൺസറുടെ നിലപാട്. സ്വന്തം പണം ചെലവാക്കി നിയമനടപടികൾ ഒക്കെ സ്വയം പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങാൻ സ്‍പോൺസർ കസ്തൂരിയോട് നിർദേശിച്ചു. എന്നാൽ നിർദ്ധനയായ കസ്തൂരിയ്ക്ക് അതിനു കഴിയുമായിരുന്നില്ല. കസ്തൂരി റിയാദിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയെങ്കിലും, സ്‌പോൺസറുടെ നിസ്സഹകരണം കാരണം ഒന്നും നടന്നില്ല. 

എംബസി ഉദ്യോഗസ്ഥർ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, കസ്തൂരിയെ ദമ്മാമിലേയ്ക്ക് അയച്ചാൽ നാട്ടിലേയ്ക്ക് കയറ്റി വിടാൻ കഴിയുമോ എന്ന് അന്വേഷിച്ചു. നവയുഗം ജീവകാരുണ്യവിഭാഗവുമായും ദമ്മാം വനിത അഭയകേന്ദ്രം ഉദ്യോഗസ്ഥരുമായും സംസാരിച്ച ശേഷം, മഞ്ജു സമ്മതം അറിയിച്ചു. തുടർന്ന് കസ്തൂരിയെ എംബസി ദമ്മാമിൽ മഞ്ജുവിനടുത്തേയ്ക്ക് അയച്ചു. ദമ്മാമിൽ എത്തിയ കസ്തൂരിയെ നവയുഗം ജീവകാരുണ്യപ്രവർത്തകർ, ആദ്യം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി റിപ്പോർട്ട് ചെയ്ത ശേഷം, ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. 

എത്രയും പെട്ടെന്ന് പിഴയടച്ചാ ഇഖാമ എടുത്താൽ, ഫൈനൽ എക്സിറ്റ് നൽകാമെന്ന് അഭയകേന്ദ്രം ഡയറക്ടർ ഉറപ്പ് നൽകി. കസ്തൂരിയെ മഞ്ജു കൂട്ടികൊണ്ടുപോയി, നിയമനടപടികൾ പൂർത്തിയാകും വരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു. നവയുഗം ജീവകാരുണ്യ പ്രവർത്തകരിൽ നിന്നും വിവരങ്ങൾ അറിഞ്ഞ തമിഴ്‍സംഘം പ്രവർത്തകർ സഹായിക്കാൻ മുന്നോട്ട് വന്നു. അവർ പിരിവെടുത്ത് ഇഖാമക്കുള്ള പണം നൽകി. അഭയകേന്ദ്രം ഡയറക്ടറുടെ നിർദ്ദേശപ്രകാരം, അവധി ദിവസമായിരുന്നിട്ടും സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിലെ (ജവാസാത്ത്) ഉദ്യോഗസ്ഥൻ അഭയകേന്ദ്രത്തിൽ എത്തി കസ്തൂരിയ്ക്ക് എക്സിറ്റ് അടിച്ചു നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios