അബുദാബി; വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് ഇന്ത്യക്കാരനെ. ദുബായില്‍ താമസിക്കുന്ന നൗഫല്‍ മായന്‍ കളത്തിലിനാണ് 1.5 കോടി ദിര്‍ഹം(30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

ജൂണ്‍ 25ന് എടുത്ത 101341 എന്ന നമ്പറിലുള്ള ടിക്കറ്റാണ് നൗഫലിന് സ്വപ്ന വിജയം സമ്മാനിച്ചത്. നറുക്കെടുത്തപ്പോള്‍ തന്നെ ഇന്ത്യക്കാരാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് സമ്മാനവിവരം അറിയിക്കാനായി അധികൃതര്‍ നൗഫലിനെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ ഫോണില്‍ ബന്ധപ്പെട്ടു. കോടീശ്വരനായതിന്‍റെ സന്തോഷവും അപ്രതീക്ഷിത വിജയത്തിന്‍റെ അമ്പരപ്പും നിറഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. 

‍താന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയാണെന്നും സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും നൗഫല്‍ പ്രതികരിച്ചു. 19 സുഹൃത്തുക്കളുമായി ചേര്‍ന്ന് നൗഫലെടുത്ത ടിക്കറ്റാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും നൗഫല്‍ പറഞ്ഞു.

ബിഗ് ടിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി 100,000 ദിര്‍ഹത്തിന്‍റെ നാല് രണ്ടാം സമ്മാനങ്ങള്‍ കൂടി ഇത്തവണ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സഞ്ജീവ തേവേന്ദ്ര, പാകിസ്ഥാന്‍ സ്വദേശി മുബഷര്‍ അസ്മത്തുള്ള, ഇന്ത്യക്കാരനായ അബ്ദുള്‍ സത്താര്‍ കാദപുരം ഹസ്സൈനര്‍, ഫിലീപ്പീന്‍സ് സ്വദേശി യുവാന്‍ നവാരോ എന്നിവരാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്. 

അഞ്ചും ആറും സ്ഥാനക്കാര്‍ക്കുള്ള 80,000 ദിര്‍ഹം വീതം ഇന്ത്യക്കാരായ പ്രസാദ് വാസുക്കുട്ടി, ജെഫ്രി ജോര്‍ജ് എന്നിവര്‍ നേടി. ഏഴും എട്ടും ഒമ്പതും സ്ഥാനക്കാര്‍ക്കുള്ള 75,000 ദിര്‍ഹം വീതം നേടിയതും ഇന്ത്യക്കാരായ ജയചന്ദ്രന്‍ തങ്കമ്മ ശിവശങ്കര പിള്ള, രഘു, അമീനുള്‍ ഹഖ് മരോട്ടിക്കല്‍ ഉസ്മാന്‍ എന്നിവരാണ്. 10 മുതല്‍ 12 വരെയുള്ള സ്ഥാനക്കാരായ രാധാകൃഷ്ണന്‍ നാരായണന്‍(ഇന്ത്യ), അശ്വതി റ്റി കെ (ഇന്ത്യ), ജട്ടിപല്ല അബ്ദുള്‍ റഫീഖ്(ഇന്ത്യ) എന്നിവര്‍ 50,000  ദിര്‍ഹം വീതവും നേടി. ശങ്കര്‍ കൃഷ്ണ(ഇന്ത്യ), തംജീദ് റയോരത്(ഇന്ത്യ), മുഹമ്മദ് മൊസാഫര്‍(ബംഗ്ലാദേശ്) എന്നിവര്‍ യഥാക്രമം 13, 14, 15 സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഇവര്‍ക്ക് 25,000 ദിര്‍ഹം വീതവും സമ്മാനം ലഭിച്ചു. ഇന്ത്യക്കാരനായ മുഹമ്മദ് ജഹാംഗീറിനാണ് ബിഎംഡബ്ല്യൂ സീരീസ് 12 ലഭിച്ചത്.  015446 എന്ന ടിക്കറ്റ് നമ്പറായിരുന്നു ഇദ്ദേഹത്തെ വിജയിയാക്കിയത്. 

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.