അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ ദുബായില്‍ താമസിക്കുന്ന 37കാരനായ ദിപാങ്കര്‍ ഡെയ്‍യാണ് സ്വപ്നവിജയം നേടിയത്. ജൂലൈ 14ന് അദ്ദേഹം എടുത്ത 041486 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.  

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബായില്‍ താമസിച്ച് വരികയാണ് ദിപാങ്കര്‍. യതീം ഐ സെന്ററില്‍ ഒപ്റ്റീഷ്യനായി ജോലി ചെയ്ത് വരികയാണ് അദ്ദേഹമിപ്പോള്‍. 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിപാങ്കര്‍ ടിക്കറ്റെടുത്തത്. അതുകൊണ്ട് തന്നെ സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം ഇവര്‍ പങ്കിട്ടെടുക്കും. 2018 മുതല്‍ ബിഗ് ടിക്കറ്റെടുക്കുന്നയാളാണ് ദിപാങ്കര്‍. എന്നാല്‍ ഇപ്പോഴാണ് ഭാഗ്യം ഇദ്ദേഹത്തെ തുണച്ചത്. സമ്മാനത്തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ബിഗ് ടിക്കറ്റ് അധികൃതരോട് നന്ദി അറിയിക്കുന്നതായും ദിപാങ്കര്‍ പ്രതികരിച്ചു.

 അതേസമയം ചരിത്രത്തിലാദ്യമായി രണ്ട് ഭാഗ്യവാന്‍മാര്‍ക്ക് സ്വപ്‌നവിജയം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ്. അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്‍റെ 219-ാമത് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് എട്ട് സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യവാന്‍മാരെ കാത്തിരിക്കുന്നു. ഓഗസ്റ്റ് മാസത്തിലുടനീളം അബുദാബി ബിഗ് ടിക്കറ്റ് ഫേസ്ബുക്ക് പേജിലൂടെ നിരവധി ഗെയിമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. സെപ്തംബര്‍ മൂന്നിനാണ് 10 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന അടുത്ത നറുക്കെടുപ്പ്.

ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗരയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. അദ്ദേഹം വാങ്ങിയ 012677 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരായിരുന്നു. അതുകൊണ്ട് ഇന്ത്യക്കാരുടെ ഭാഗ്യദിനമായി ഇന്ന് മാറി. 

ഒന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് സുജിന്‍ പി എസാണ്. 200334 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. രണ്ടാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹനായത് ജിനേഷ് ചന്ദ്രനാണ്. 134248 എന്ന നമ്പറിലെ ടിക്കറ്റാണ് ജിനേഷിന് സമ്മാനം നേടിക്കൊടുത്തത്. 275329 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. ശ്രീരാഗ് സുരേഷാണ് വാങ്ങിയ ടിക്കറ്റാണിത്. നാലാം സമ്മാനമായ 70,000 ദിര്‍ഹം അഹമ്മദ് കബീര്‍ സ്വന്തമാക്കി. 165406 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റ് നമ്പര്‍. 60,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം 241046 എന്ന ടിക്കറ്റെടുത്ത നാസര്‍ പള്ളിപ്പറമ്പില്‍ സ്വന്തമാക്കി. ആറാം സമ്മാനമായ 50,000 ദിര്‍ഹത്തിന് അര്‍ഹനായത് ജെനിറ്റ് ജോസഫാണ്. 115503 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റിന്റെ നമ്പര്‍. ഇവരെല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.ബിഗ് ടിക്കറ്റ് വെബ്സൈറ്റായ  www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.