ബാച്ചിലർ താമസത്തിന് തടയിടാൻ കർശന പരിശോധയുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. ഇതിന്‍റെ ഭാഗമായി നിയമലംഘനങ്ങൾ കണ്ടെത്തിയ പത്ത് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ സ്വദേശി പാർപ്പിട മേഖലകളായ റബിയ, ഫിർദൗസ്, ഒമരിയ എന്നീ പ്രദേശങ്ങളിൽ ബാച്ചിലർ താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയ പത്ത് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
നിയമലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് നേരത്തെ 47 മുന്നറിയിപ്പുകൾ നൽകിയിരുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങിയത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


