Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് സഹായമെത്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; നിയമങ്ങള്‍ പാലിക്കണം

ചില വ്യക്തികളും സംഘടനകളും രാജ്യത്ത് സഹായധനം സമാഹരിക്കുന്നതായി യുഎഇ ഭരണകൂടത്തില്‍ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അറിയിച്ചു. 

Indians expats warned against illegal fund raising
Author
Abu Dhabi - United Arab Emirates, First Published Aug 24, 2018, 11:26 PM IST

അബുദാബി: കേരളത്തിലെ ദുരിത ബാധിതര്‍ക്കായി പണവും മറ്റ് വസ്തുക്കളും ശേഖരിക്കുന്ന പ്രവാസികള്‍ യുഎഇയിലെ നിയമങ്ങള്‍ ലംഘിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സഹായം ശേഖരിക്കുന്ന വ്യക്തികളും സംഘടനകളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

ചില വ്യക്തികളും സംഘടനകളും രാജ്യത്ത് സഹായധനം സമാഹരിക്കുന്നതായി യുഎഇ ഭരണകൂടത്തില്‍ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അറിയിച്ചു. ഇക്കാര്യത്തില്‍ പ്രദേശിക നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുകയും അവ പൂര്‍ണ്ണമായും പാലിക്കുകയും വേണം. യുഎഇയില്‍ ഔദ്ദ്യോഗിക അനുമതിയുള്ള സംഘടനകള്‍ക്ക് മാത്രമേ പണം ശേഖരിച്ച് വിദേശത്തേക്ക് അയക്കാനുള്ള അനുമതിയുള്ളൂ. ഏതെങ്കിലും ഇന്ത്യന്‍ സംഘടനകള്‍ക്ക് ഇത്തരം അനുമതി ഉണ്ടോയെന്ന കാര്യം പോലും സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കാന്‍ യുഎഇ കേന്ദ്രബാങ്കിന്റെ ഉള്‍പ്പെടെയുള്ള എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് വ്യക്തിപരമായി അതിലേക്ക് സംഭാവന നല്‍കുന്നതായിരിക്കും ഏറ്റവും ഉചിതം. നിരവധി പേര്‍ക്ക് ഒരുമിച്ച് പണം അയക്കുന്നതിനായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍കാലിക കൗണ്ടറുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇത് നിയമവിരുദ്ധമാണ്.

തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആളുകളില്‍ നിന്ന് പണം ശേഖരിച്ച് ഒരുമിച്ച് അയക്കുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലെ പണപ്പിരിവും നിയമവിരുദ്ധമാണ്. ചെറിയ തുകകള്‍ പോലും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ വഴി അയക്കാമെന്നിരിക്കെ അത് പ്രയോജനപ്പെടുത്തണം. പല എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഇതിന് സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുന്നില്ല. സാധനങ്ങള്‍ അയക്കുന്നതിനേക്കാള്‍ പണമായി അയക്കുന്നതായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുക.

മരുന്നുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നതും പ്രോത്സാഹിപ്പിക്കുന്നില്ല. മരുന്നുകള്‍ അയക്കുന്നതിന് പ്രത്യേക അനുമതി വേണം. മാത്രവുമല്ല. ലോകത്ത് മരുന്നുല്‍പ്പാദനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലാണ് യുഎഇയിലേതിനേക്കാള്‍ വിലക്കുറവ്. യുഎഇയില്‍ ലഭിക്കുന്ന വിലയുടെ പത്തിലൊന്ന് മാത്രം നല്‍കി അതേ മരുന്ന് ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയും. മിനറല്‍ വാട്ടര്‍ പോലുള്ളവ ഇന്ത്യയില്‍ തന്നെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്നതിനാല്‍ അതും അയക്കരുതെന്നും അംബാസിഡര്‍ ഓര്‍മ്മിപ്പിച്ചു.

Follow Us:
Download App:
  • android
  • ios