ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്റിഗോ സര്‍വീസ് അവസാനിപ്പിക്കുന്നു. മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്ക് താല്‍കാലികമായാണ് സര്‍വീസ് നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഇന്റിഗോയും സര്‍വീസ് നിര്‍ത്തുന്നത് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കുകയാണ്.

താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍  പ്രവാസികള്‍ ഏറെയും ആശ്രയിക്കുന്നത് ഇന്റിഗോ വിമാനങ്ങളെയാണ്. നിലവില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മേയ് ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റ് റൂട്ടുകളിലേക്ക് ടിക്കറ്റ് മാറ്റുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ വാങ്ങുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് വ്യക്തമാക്കുന്ന എസ്എംഎസ് സന്ദേശം ലഭിച്ചു. എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് ഇത് ക്രമീകരിക്കാം. ഇന്റിഗോ സര്‍വീസ് അവസാനിപ്പിക്കുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും കൂടുമെന്നാണ് സൂചന.