ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാം.
അബുദാബി: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഇൻഡിഗോ യാത്രക്കാര്‍ക്ക് സിറ്റി-ചെക്ക്-ഇൻ സൗകര്യം. ഓഗസ്റ്റ് 11 മുതലാണ് സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയത്. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. യാത്രയുടെ 24 മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം.
ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാം. അബുദാബിയിൽ മീന ക്രൂസ് ടെർമിനലിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ സൗകര്യമുള്ളത്. എയര്‍പോര്‍ട്ടിലെ തിരക്ക് കുറക്കാനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് മൂന്ന് സിറ്റി ചെക്ക്-ഇന്‍ സ്ഥലങ്ങളില്‍ ഈ സേവനം ലഭ്യമാണ്. അൽഐനിൽ സെപ്റ്റംബർ ഒന്ന് മുതലാണ് സിറ്റി ചെക് ഇൻ സൗകര്യം ആരംഭിക്കുക. അൽഐൻ കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ യാത്രയ്ക്ക് 7 മണിക്കൂർ മുൻപ് ചെയ്യണം. അബുദാബിയിലെ ക്രൂയിസ് ടെര്‍മിനല്‍-1, മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈത്താത്ത് ലുലു മാൾ എന്നിവിടങ്ങളില്‍ സിറ്റി ചെക്ക് ഇൻ സൗകര്യം ലഭ്യമാണ്.
