റിയാദ്​: തിരുവനന്തപുരം - ദമ്മാം റൂട്ടിലെ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം. തിരുവനന്തപുരത്ത്​ നിന്ന്​ ദമ്മാമിലേക്ക് ഇന്‍ഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. മാര്‍ച്ച് ഏഴ്​ മുതലാണ് പുതിയ പ്രതിദിന സർവീസ് ആരംഭിക്കുന്നത്​.

എല്ലാ ദിവസവും ഉച്ചക്ക് രണ്ടിന്​ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് അഞ്ചിന്​ ദമ്മാമില്‍ എത്തും. തിരികെയുള്ള സർവീസുകള്‍ മാര്‍ച്ച് 29 വരെ പുലർച്ചെ 5.25ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. മാർച്ച്​ 30 മുതല്‍ രാത്രി 12.55ന് പുറപ്പെട്ട് രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ്​ സർവീസ് ക്രമീകരണം.

ഏറെ ജനപ്രിയ വിമാനസർവീസ്​ ആയിരുന്ന ജെറ്റ് എയര്‍വേയ്സ് മുഴുവന്‍ സർവീസുകളും നിര്‍ത്തലാക്കിയ ശേഷം ദുരിതത്തിലായ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കുടുംബങ്ങൾക്ക്​ പുതിയ സർവീസ് ഏറെ ആശ്വാസമാകും. 30  കിലോ ബാഗേജും ഏഴുകിലോ ഹാൻഡ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്​.